BREAKINGNATIONAL

ജാമ്യാപേക്ഷ എതിര്‍ത്തതിന് അഭിഭാഷകയെ കൊന്ന് കനാലില്‍ തള്ളി; അഭിഭാഷകരടക്കം 6 പേര്‍ പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ അഭിഭാഷകയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് അഭിഭാഷകരടക്കം ആറുപേര്‍ അറസ്റ്റില്‍. അഭിഭാഷകയായ മോഹിനി തോമറി(40)നെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയ കേസിലാണ് അഭിഭാഷകനായ മുസ്തഫ കാമില്‍(60) ഇയാളുടെ മക്കളായ അസദ് മുസ്തഫ(25) ഹൈദര്‍ മുസ്തഫ(27) സല്‍മാന്‍ മുസ്തഫ(26) എന്നിവരെയും അഭിഭാഷകരായ മുനാജിര്‍ റാഫി(45) കേശവ് മിശ്ര(46) എന്നിവരെയും പോലീസ് പിടികൂടിയത്. മുനാജിര്‍ റാഫിയും കേശവ് മിശ്രയും അഭിഭാഷകരാണെന്നും ഇരുവരും മുസ്തഫയുടെ കൂട്ടാളികളാണെന്നും പോലീസ് പറഞ്ഞു.
സെപ്റ്റംബര്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളിയെന്നുമാണ് കേസ്. സംഭവത്തില്‍ മോഹിനിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് മുസ്തഫ കാമില്‍ അടക്കമുള്ളവരെ പോലീസ് പിടികൂടിയത്.
മുസ്തഫ കാമിലിന്റെ മക്കള്‍ പ്രതികളായ കേസില്‍ മോഹിനി ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കസ്ഗഞ്ചിലെ കോടതിവളപ്പിന് പുറത്തുനിന്ന് മോഹിനിയെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാതകേന്ദ്രത്തിലെത്തിച്ച് അഭിഭാഷകയെ കൊലപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതിന്റെ പേരില്‍ പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു.

Related Articles

Back to top button