BREAKING NEWSNATIONAL

ജി.എസ്.ടി. കൗണ്‍സില്‍ ഇന്ന്; ഇന്ധനവില കുറയുമോ?

തിരുവനന്തപുരം: ജി.എസ്.ടി. കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുമ്പോള്‍ കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ഇന്ധനനികുതിക്കു പുറമേ വെളിച്ചെണ്ണയുടെ നികുതിയും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പെട്രോളും ഡീസലും ജി.എസ്.ടി.ക്കു കീഴിലാക്കാനുള്ള നീക്കത്തെ മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കൗണ്‍സില്‍ ഇതു പരിഗണിക്കുന്നത്.
വില കുറയ്ക്കാനാണ് ഇവ ജി.എസ്.ടി.ക്കു കീഴിലാക്കുന്നത്. എന്നാല്‍, കേന്ദ്രം സെസ് കുറച്ചാല്‍ വില കുറയുമെന്നും പകരം ഇവ ജി.എസ്.ടി.ക്കു കീഴിലാക്കിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്.
ജി.എസ്.ടി.യില്‍ പരമാവധി 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാലും അതിന്റെ പകുതിമാത്രമേ സംസ്ഥാനങ്ങള്‍ക്കു ലഭിക്കൂ. ഇപ്പോള്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജി.എസ്.ടി. ബാധകമാക്കിയാല്‍ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടി.യിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വില കുറയില്ലെന്നും കേരളം വാദിക്കുന്നു.
വെളിച്ചെണ്ണയ്ക്ക് നികുതി കൂട്ടാനുള്ള നിര്‍ദേശമാണ് കേരളത്തിനു തിരിച്ചടിയാവുന്ന മറ്റൊന്ന്. ഭക്ഷ്യാവശ്യങ്ങള്‍ക്കുള്ള വെളിച്ചെണ്ണയും സൗന്ദര്യവര്‍ധകവസ്തു എന്നനിലയില്‍ വിറ്റഴിക്കുന്ന വെളിച്ചെണ്ണയും തമ്മില്‍ വേര്‍തിരിക്കാന്‍ ജി.എസ്.ടി. കൗണ്‍സില്‍ പരിഗണിക്കുന്ന നിര്‍ദേശമാണ് ആശങ്കയ്ക്കു കാരണം.
ഒരു കിലോയ്ക്കു മുകളിലുള്ള പാക്കറ്റില്‍ വില്‍ക്കുന്നത് ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി അഞ്ചുശതമാനം നികുതി നിലനിര്‍ത്തണം. അതിനു താഴെയുള്ള അളവിലുള്ളത് സൗന്ദര്യവര്‍ധക വസ്തുവായി കണക്കാക്കി 18 ശതമാനവും ചുമത്തണം. ഇതാണ് കൗണ്‍സിലിനു മുന്നിലുള്ള നിര്‍ദേശം.
ഇത് കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദനത്തിന് തിരിച്ചടിയാവും. അതിനാല്‍ 500 ഗ്രാമിനു മുകളിലുള്ളതിനെയെല്ലാം ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി നികുതി അഞ്ചുശതമാനം മാത്രമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജി.എസ്.ടി. നടപ്പാക്കുകയും സെസ്, എക്‌സൈസ് ഡ്യൂട്ടി എന്നിവ ഈടാക്കാതിരിക്കുകയും ചെയ്താല്‍ കേന്ദ്രത്തിനു വലിയ വരുമാനനഷ്ടമുണ്ടാകും. അതിനാല്‍ അത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രം പോകാനിടയില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker