കൊച്ചി: പാതയോരങ്ങളിലെ മരങ്ങള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെങ്കില്‍മാത്രമേ വെട്ടിമാറ്റാന്‍ അനുമതിനല്‍കാവൂ എന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ്. വാണിജ്യാവശ്യങ്ങള്‍ക്കായി റോഡരികിലെ മരങ്ങള്‍ വെട്ടാന്‍ അനുമതി നല്‍കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കഴിഞ്ഞ മേയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയത്.
സമീപത്തെ കെട്ടിടങ്ങള്‍ക്കും മറ്റും തടസ്സമാകുന്നു എന്നതടക്കമുള്ള കാരണത്താല്‍ മരംവെട്ടാന്‍ അനുമതി നല്‍കരുത്. മരം അപകടാവസ്ഥയിലാണെങ്കില്‍ മാത്രമേ വെട്ടാന്‍ അനുമതി നല്‍കാവൂ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സമിതിയുടെ തീരുമാനവും വേണം.
പാതയോരങ്ങളിലെയടക്കം മരംവെട്ടുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി 2010-ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്.
50 Less than a minute