BREAKINGNATIONAL
Trending

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചു; കുടിശിക ഉള്‍പ്പടെ വിതരണം ചെയ്‌തെന്ന് കേരളം

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയെന്ന് കേരളം. നിലവില്‍ സര്‍വീസിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് 2016 മുതലുള്ള പരിഷ്‌കരിച്ച ശമ്പളം വിതരണം ചെയ്തുവെന്ന് കേരളം സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു. രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശചെയ്ത 20 അലവന്‍സുകളും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സമയം നീട്ടിനല്‍കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ശുപാര്‍ശ നടപ്പാക്കി എന്ന് വ്യക്തമാക്കി അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സുപ്രീംകോടതിക്ക് തത്സ്ഥിതി റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീംകോടതിയില്‍ ഫയല്‍ചെയ്തത്.
2022-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. വര്‍ധിപ്പിച്ച ശമ്പളവും പെന്‍ഷനും പൂര്‍ണ്ണമായും വിതരണം ചെയ്തു. 2016-ന് മുമ്പ് വിരമിച്ച ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചു. ഇവരുടെ കുടിശ്ശികയും വിതരണംചെയ്തുവെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.
രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ 20 അലവന്‍സുകളാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഈ ഇരുപത് എണ്ണവും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചതായും കേരളം സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ 18 എണ്ണത്തിന്റെ ബില്ലുകള്‍ ഉള്‍പ്പടെ ഹാജരാക്കിയാല്‍ ഉടന്‍തന്നെ പണം അകൗണ്ടിലേക്ക് കൈമാറുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Related Articles

Back to top button