BREAKING NEWSLATESTNATIONAL

ജൂലൈ 31നകം ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ നടപ്പാക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജൂലൈ 31നു മുന്നോടിയായി രാജ്യത്തെ എല്ലാ റേഷന്‍ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. അടുത്ത മാസം അവസാനത്തോടെ രാജ്യത്ത് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കാനാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസ് അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്നും ഇവര്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള പിന്തുണ ഉറപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. രാജ്യത്തെ കൊവിഡ് സാഹചര്യം അവസാനിക്കുന്നതു വരെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കണമെന്നും ഇതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികള്‍ക്കായി സമൂഹ അടുക്കളകള്‍ നടത്തുന്നത് തുടരണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. കൂടാതെ പ്രതിദിന റേഷന്‍ സമ്പ്രദായവും വേണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ജൂലൈ 31നു മുന്‍പായി സഹായമെത്തിക്കാനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെ പോര്‍ട്ടല്‍ രൂപീകരിക്കാനും കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു. ഇതിലുള്ള കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുന്‍പും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്.
കൂടാതെ റേഷന്‍ കാര്‍ഡില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ വര്‍ഷം നവംബര്‍ വരെയെങ്കിലും സൗജന്യമായി റേഷന്‍ വിതരണം ചെയ്യാന്‍ കേന്ദ്രത്തിനു എന്തു ചെയ്യാന്‍ സാധിക്കുമെന്നും കോടതി ചോദിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker