LATESTBREAKING NEWSNATIONAL

ജെ.പി. നഡ്ഢ മോദിയെ കണ്ടു: യു.പി. മന്ത്രിസഭ അഴിച്ചുപണിയും കേന്ദ്രത്തിലും പുനസംഘടനയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ രണ്ടുദിവസത്തെ യോഗം ശനിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങി. ഉത്തര്‍പ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍, കോവിഡ് പ്രതിരോധ നടപടികള്‍ തുടങ്ങിയ വിഷയങ്ങളാണ് അജന്‍ഡ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിലനിര്‍ത്തിക്കൊണ്ട് ഉത്തര്‍പ്രദേശ് മന്ത്രിസഭ അഴിച്ചു പണിഞ്ഞേക്കും. യോഗത്തിനുശേഷം ശനിയാഴ്ച വൈകീട്ട് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കേന്ദ്ര മന്ത്രിസഭയിലും വൈകാതെ പുനഃസംഘടനയുണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലേക്കാണ് അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ സജ്ജീകരിക്കാനുള്ള നിര്‍ദേശങ്ങളായിരുന്നു ശനിയാഴ്ച യോഗം ചര്‍ച്ച ചെയ്തത്. ഉത്തര്‍പ്രദേശിലെ ഭരണത്തുടര്‍ച്ച പാര്‍ട്ടിക്ക് നിര്‍ണായകമാണെന്നും കോവിഡ് പ്രതിരോധമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ ചിട്ടയായ പ്രവര്‍ത്തനം വേണമെന്നും കേന്ദ്രനേതൃത്വം യോഗത്തില്‍ നിര്‍ദേശം നല്‍കി.
ലഖ്‌നൗവിലെത്തി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ഉപാധ്യക്ഷന്‍ രാധാമോഹന്‍ സിങ് എന്നിവര്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലെ നിഗമനങ്ങളും ചര്‍ച്ചചെയ്തു. ആര്‍.എസ്.എസ്. ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും ലഖ്‌നൗവിലെത്തി സംസ്ഥാന ആര്‍.എസ്.എസ്. ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് യോഗി ആദിത്യനാഥിനെ നിലനിര്‍ത്തിക്കൊണ്ട് ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചു പണിയാണ് പരിഗണനയിലുള്ള നിര്‍ദേശമെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രതാ ദേവ് സിങ്ങും തുടര്‍ന്നേക്കും. ഉപമുഖ്യമന്ത്രിമാരിലൊരാളായ കേശവ് പ്രസാദ് മൗര്യക്ക് പകരം കഴിഞ്ഞ ജനുവരിയില്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന മുന്‍ ഐ.ഐ.എസ്. ഉദ്യോഗസ്ഥന്‍ എ.കെ. ശര്‍മയെ ഉപമുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ട്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണ് ശര്‍മ.
രണ്ടാം കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിക്കുന്നത്. ജെ.പി. നഡ്ഡയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.എല്‍. സന്തോഷ്, ജോയന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവര്‍ക്ക് പുറമെ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സി.ടി. രവി, ദുഷ്യന്ത് ഗൗതം, ഡി. പുരന്ദേശ്വരി, അരുണ്‍സിങ്, ദിലീപ് സാകിയ, കൈലാഷ് വിജയ് വാര്‍ഗിയ, തരുണ്‍ ചുഗ് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker