BREAKING NEWSKERALA

ജോജുവിന്റെ വാഹനം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെ; ജോസഫ് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ. ജോസഫ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇന്ധനവില വര്‍ദ്ധനവിനെതിരെ എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കുന്നതിനിടെ ആയിരുന്നു ജോജു ജോര്‍ജിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തത്. വാഹനത്തിലെ പുറകിലത്തെ ഗ്ലാസ് ആണ് പൊട്ടിച്ചത്. കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുക ആയിരുന്നുവെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.
ജോജുവിന്റെ കാറില്‍ ഉണ്ടായിരുന്ന രക്തക്കറ ജോസഫിന്റെതാണെന്നും പരിശോധനയില്‍ വ്യക്തമായി. ഫോറന്‍സിക് പരിശോധനയില്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജോസഫിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
പ്രതികളുടെ വീട്ടില്‍ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്നും പോലീസ് പറയുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ എട്ട് പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരുന്നത്. ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടുള്ളു. കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
നടന്‍ ജോജുവിന്റെ വാഹനം ആക്രമിച്ച കേസില്‍ തിരക്കഥാകൃത്ത് എ കെ സാജന്റെ മൊഴി പോലീസ് എടുത്തിരുന്നു. മരട് പോലീസ് സ്റ്റേഷനില്‍ സാജന്‍ ഹാജരാകുക ആയിരുന്നു. വാഹനം ആക്രമിക്കുന്ന സമയത്ത് ജോജുവിന്റെ ഒപ്പം സാജന്‍ ആണ് ഉണ്ടായിരുന്നത്. ജോജുവിനെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വാഹനത്തിന്റെ ഗ്ലാസ് ഇടിച്ച് പൊട്ടിച്ചതെന്ന് സാജന്‍ പോലീസിനോടു പറഞ്ഞു. വാഹനത്തിന് ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.
പോലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ജോജു അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ തെളിവു ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ദേശീയപാത ഉപരോധിച്ച സംഭവത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഡിസിസി പ്രസിഡണ്ട് മുഹമ്മദ് റിയാസ് ആണ് ഈ കേസിലെ ഒന്നാംപ്രതി. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, വി ജെ പൗലോസ്, ടോണി ചമ്മിണി, ദീപ്തി മേരി വര്‍ഗീസ് എന്നിവരും ഈ കേസില്‍ പ്രതികളാണ്, കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അന്യായമായ സംഘംചേരല്‍, റോഡ് തടയല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker