NEWSBREAKINGKERALA

ജോയിയെ കാണാതായിച്ച് മണിക്കൂറുകൾ; രക്ഷാദൗത്യം ഊർജിതമായി തുടരുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ ഇതുവരെയും കണ്ടെത്താനായില്ല. അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റർ വരെ ഉളളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ട് പോകാൻ സാധിച്ചില്ല. മാൻഹോളിലെ പരിശോധനക്കായി റോബോട്ടിനെ സ്ഥലത്തെത്തിച്ചു. മാലിന്യം മാറ്റുന്നതിനായാണ് റോബോട്ടിനെയെത്തിച്ചത്.

മാലിന്യം നീക്കിയ ശേഷം രാത്രിയിലും പരിശോധന തുടരുകയാണ്. റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് ചേർന്നുള്ള മാൻഹോൾ തുറക്കാനാണ് ഇനി നീക്കം. മാലിന്യം മാറ്റിയ ശേഷം മാത്രമേ ഇനി തിരച്ചിൽ നടത്താൻ കഴിയുകയുളളു. ഒരാൾക്ക് മാത്രം ഇറങ്ങാവുന്ന മാൻഹോളിലേക്ക് ആളുകൾ ഇറങ്ങുന്നത് അപകടകരമെന്ന് കണ്ടാണ് മാലിന്യം നീക്കാൻ റോബോട്ടിനെ എത്തിച്ചത്. ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പിനിയുടെതാണ് റോബോട്ട്. റോബോട്ടിനെ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ എത്തിക്കും. ഇവിടെ നിന്ന് മാൻ ഹോളിൽ ഇറങ്ങി മാലിന്യങ്ങൾ നീക്കും. ഒപ്പം ജോയിക്കായി തിരച്ചിലും നടത്തും. റോബോട്ടിൻ്റെ പ്രവർത്തനങ്ങൾ മോണിറ്റർ വഴി നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റോബോട്ടിനെ എത്തിക്കാൻ തീരുമാനമെടുത്തത്.

Related Articles

Back to top button