BREAKINGINTERNATIONAL

ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ ഒരു ഫെയര്‍വെല്‍ കാര്‍ഡ് പോലും അയച്ചില്ല, കമ്പനിക്കെതിരെ മുന്‍ജീവനക്കാരിയുടെ കേസ്

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ ഫെയര്‍വെല്‍ കാര്‍ഡ് നല്‍കാത്തതിന് ബ്രിട്ടീഷ് വനിത തന്റെ തൊഴിലുടമയ്‌ക്കെതിരെ കേസ് കൊടുത്തു. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ (ഐഎജി) മുന്‍ ജീവനക്കാരിയായ കാരെന്‍ കോനാഗനാണ് താന്‍ നേരത്തെ ജോലി ചെയ്ത കമ്പനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തന്റെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും കമ്പനി അപമാനിച്ചെന്നും അസമത്വപരമായി പെരുമാറിയെന്നും ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കോടതി ഇവരുടെ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു.
തന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതില്‍ കമ്പനിക്ക് ഉണ്ടായ പരാജയം തുല്യതാ നിയമലംഘനത്തിന് സമാനമാണെന്നായിരുന്നു യുവതിയുടെ ആരോപണമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അവഗണന ജോലിസ്ഥലത്ത് താന്‍ അനുഭവിച്ച വിവേചനത്തിന്റെ ഭാഗമാണെന്നും കോനഗന്‍ വാദിച്ചു. തന്നെ ജോലിയില്‍ നിന്നും അന്യായമായ പിരിച്ചു വിടുകയും ജോലി സ്ഥലത്ത് ലൈംഗിക പീഡനം അനുഭവിക്കേണ്ടി വരികയും ചെയ്തുവെന്നും ഇവര്‍ കോടതിയില്‍ ആരോപിച്ചു.
2019 മുതല്‍ ഐഎജിയില്‍ ജോലി ചെയ്തു വരുന്ന കാരെന്, അടുത്തിടെ നടന്ന കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായാണ് ജോലി നഷ്ടമായത്. എംപ്ലോയ്മെന്റ് ട്രിബ്യൂണലില്‍ ഹാജരാക്കിയ തെളിവുകള്‍ പ്രകാരം, മാനേജര്‍മാര്‍, ഫെയര്‍വെല്‍ കാര്‍ഡ് വാങ്ങിയിരുന്നുവെങ്കിലും മതിയായ ഒപ്പുകള്‍ ഇല്ലാത്തതിനാല്‍ അത് കോനാഗന് നല്‍കിയില്ലെന്ന് ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ അറിയിച്ചെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മതിയായ ഒപ്പുകള്‍ ഇല്ലാതെ ഒരു കാര്‍ഡ് നല്‍കുന്നതിനേക്കാള്‍ നല്ലത് ഫെയര്‍ വെല്‍ കാര്‍ഡ് തന്നെ നല്‍കാതിരിക്കുന്നതാണ് എന്നാണ് ജഡ്ജി കെവിന്‍ പാമര്‍ നിരീക്ഷിച്ചത്. ആ കാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ അത് കൂടുതല്‍ അപമാനകരമാകുമായിരുന്നെന്നും അദ്ദേഹം നിരീക്ഷിച്ചു. ലൈംഗികാതിക്രമം, ഇരയാക്കല്‍, അന്യായമായ പിരിച്ചുവിടല്‍ എന്നിവയുമായി ബന്ധപ്പെട്ട് 40 പരാതികള്‍ കോനഗന്‍ കമ്പനിക്കെതിരെ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ട്രിബ്യൂണല്‍ കാരെന്‍ കോനാഗന്റെ എല്ലാ പരാതികളും തള്ളിക്കളഞ്ഞു.

Related Articles

Back to top button