BREAKING NEWSKERALALATESTTOP STORY

ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, പരിഹാരമായി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പി ജെ ജോസഫ്

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി. പി.ജെ.ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മോന്‍സ് ജോസഫിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞു.
മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതില്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജിനെ കൂടാതെ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരും അതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം, അതൃപ്തി പരിഹരിക്കാന്‍ കേരളാ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റിവരെ പുനഃസംഘടിപ്പിക്കുമെന്നും ജോസഫ് വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പിളര്‍ന്നതിന് പിന്നാലെ പി സി തോമസ് വിഭാഗവുമായി ലയിച്ചായിരുന്നു പി ജെ ജോസഫും പാര്‍ട്ടിയും കേരളാ കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കിയത്. എന്നാല്‍ ലയനത്തിന് പിന്നാലെ തന്നെ പാര്‍ട്ടിയില്‍ പദവികളുടെ പേരില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ കേരളാ കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിന്റെ വക്കിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരികയും ചെയ്തു.
പിസി തോമസ് പിജെ ജോസഫ് വിഭാഗങ്ങളുടെ ലയനത്തിന് പിന്നാലെ പദവികള്‍ വീതംവെച്ചതുമായി ബന്ധപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തി ആരംഭിച്ചത്. മോന്‍സ് ജോസഫിനും ജോയ് എബ്രഹാമിനും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്ക് അതൃപ്തിയുണ്ടായി. ഇതില്‍ പരസ്യപ്രതികരണങ്ങള്‍ ആരംഭിച്ചതോടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്.
കേരളാ കോണ്‍ഗ്രസിലെ നേതാക്കളുടെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് പ്രശ്‌ന പരിഹാരത്തിനെന്നോണം സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നെന്ന നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി ജെ ജോസഫ് അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളുടെ അതൃപ്തി പരിഹരിക്കുക എന്നതാകും സംഘടനാ തെരഞ്ഞെടുപ്പിലൂടെ പിജെ ജോസഫ് ലക്ഷ്യമിടുന്നത്.
പാര്‍ട്ടിക്കുളളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ചെന്നാണ് പിജെ ജോസഫ് പറയുന്നത്. അതേസമയം വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാലും കേരള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി താല്‍ക്കാലികമാണെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കുമെന്നുമാണ് ഫ്രാന്‍സിസ് ജോര്‍ജ് പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker