ജോസ് കെ.മാണിയോട് ചെയ്തത് യു.ഡി.എഫ് ക്രൂരത; കാനത്തിനെ തള്ളി ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ജോസ് കെ.മാണിയോട് യു.ഡി.എഫ് ചെയ്തത് ക്രൂരതയെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഒരു പാര്‍ട്ടിയോടും ചെയ്യാന്‍ പാടില്ലാത്തതാണത്. 32 വര്‍ഷം ഒരുമിച്ചു പ്രവര്‍ത്തിച്ചവരാണ് അവര്‍. ഒരു ദിവസം രാവിലെ പത്രക്കാരെ വിളിച്ചു ചേര്‍ത്ത് പുറത്താക്കിയെന്ന് അറിയിച്ചു. അത് അവരെ വല്ലാതെ വേദനിപ്പിച്ചു. എല്ലാവരുടേയും വേദന മാറ്റുന്ന പാര്‍ട്ടിയും മുന്നണിയുമാണ് ഇടതു മുന്നണിയെന്നും ഇ.പി. പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവും യു.ഡി.എഫിന്റെ സ്ഥാപക നേതാവുമാണ് കെ.എം മാണി.കര്‍ഷകര്‍ക്കിടയില്‍ അംഗീകാരമുള്ള പാര്‍ട്ടിയാണ് അദ്ദേഹത്തിന്റെത്. ജോസ് കെ.മാണി വിഭാഗത്തിന് നല്ല ജന സ്വാധീനവുമുണ്ട്. ആ പാര്‍ട്ടിയെയാണ് പുറത്താക്കിയത്. അത് സ്വാഭാവികമായും അവരെ വേദനിപ്പിച്ചു’ – ഇ.പി.കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണെന്നും ഇ.പി.ജയരാജന്‍. ഇടതു മുന്നണി വലിയ ബഹുജന പിന്തുണ ആര്‍ജിക്കുകയാണ്. ഇത് യു.ഡി.എഫിനെ ദുര്‍ബലമാക്കും. യു.ഡി.എഫില്‍ ഭിന്നത മൂര്‍ച്ഛിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കും. എസ്ഡിപിയെയും ജമാ അത്തെ ഇസ്ലാമിയേയും കൂട്ടു പിടിക്കുകയാണ്. ഇത് ജനാധിപത്യ മതേതരവാദികളെ യുഡിഎഫില്‍ നിന്ന് അകറ്റുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

കൂടുതല്‍ പേര്‍ ഇടതു മുന്നണിയിലേക്കു വരും. കേരളത്തില്‍ എല്‍.ഡി.എഫിന്റെ തുടര്‍ ഭരണമുണ്ടാകും. ഇരുട്ടത്ത് കരിമ്പൂച്ചയെ തപ്പുകയാണ് പ്രതിപക്ഷ നേതാവ് . യു ഡി എഫിലുള്ളവര്‍ സ്വയം രക്ഷപ്പെടണം. രക്ഷപ്പെട്ടു വരുന്നവര്‍ക്ക് റെഡ് സല്യൂട്ടെന്നും ഇ.പി.കാനം രാജേന്ദ്രന്‍ മഹാ പണ്ഡിതനെന്ന് ഇ.പി ജയരാജന്റെ പരിഹാസം. ജോസ് കെ.മാണിയെ മുന്നണിയില്‍ എടുക്കാനുള്ള രാഷ്ട്രീയ സാഹചര്യമില്ലെന്ന കാനത്തിന്റെ പരാമര്‍ശത്തിലായിരുന്നു ഇ.പിയുടെ പ്രതികരണം.അദ്ദേഹത്തിന്റെ നിലപാട് എനിക്ക് അ റിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ പരിമിതമായ അറിവ് വച്ചാണ് ഞാന്‍ പറയുന്നത്. മഹാ പണ്ഡിതന്മാരൊക്കെ വലിയ കാര്യങ്ങള്‍ പറയും. അതൊക്കെ കേള്‍ക്കുന്നുണ്ട്. കേട്ടു മനസ്സിലാക്കുന്നുണ്ട് ‘- ഇ.പി പറഞ്ഞു.