BREAKING NEWSKERALAPOLITICS

ജോസ് കെ.മാണി വിഭാഗവുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗ്-ജമാ അത്ത് ഇസ്ലാമി-എസ്ഡിപിഐ കൂട്ടുക്കെട്ടിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. വര്‍ഗീയ കൂട്ടുക്കെട്ടുകളെ തോല്‍പ്പിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

”യുഡിഎഫ് പ്രതിസന്ധിയിലാണ്. വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമങ്ങള്‍ നടക്കുന്നു. അടുത്തുവരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജമാ അത്ത് ഇസ്ലാമി, എസ്ഡിപിഐ പാര്‍ട്ടികളുമായി യോജിക്കാന്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഗീയ കൂട്ടുക്കെട്ടുകളെ തോല്‍പ്പിക്കണം. ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കരുത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിപ്പ് വളര്‍ത്തിയെടുക്കണം. മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്തി വര്‍ഗീയ ധ്രുവീകരണ ശക്തികളെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി പരിശ്രമിക്കും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സെക്രട്ടറിയേറ്റില്‍ തീരുമാനമായിട്ടുണ്ട്,” കോടിയേരി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാടും കോടിയേരി വ്യക്തമാക്കി. യുഡിഎഫിലെ ആഭ്യന്തര സംഘര്‍ഷമാണ് ജോസ് കെ.മാണിയെ പുറത്താക്കാന്‍ കാരണം. ജോസ് കെ.മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കണം. ജോസ് കെ.മാണി നിലപാട് പ്രഖ്യാപിച്ചശേഷം മാത്രമേ ഇടതുമുന്നണിയില്‍ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യൂ. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം അവരോടുള്ള സമീപനം വ്യക്തമാക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോസ് കെ.മാണി വിഭാഗവുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയെ സമീപിച്ചിട്ടുമില്ല. അതുകൊണ്ട് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് അവരോടുള്ള സമീപനം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button