WEB MAGAZINEARTICLES

“ഞങ്ങളിലെല്ലാമുണ്ട്, ഒരു ദലൈലാമ”

ഡോ. ബി. ഇഫ്തിഖാർ അഹമ്മദ്

(അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ് കേരള കേന്ദ്ര സർവകലാശാല കാസര്‍ഗോഡ് )

“ദലൈലാമ”യെ നേരിട്ട് കാണാൻ പറ്റുമോ?” തെരുവിൽ നിറഞ്ഞ് നിൽക്കുന്ന ബുദ്ധഭിക്ഷുക്കളിൽ ഒരാളുമായി ചങ്ങാത്തം കൂടിയ ശേഷം, നജ്മ ചോദിച്ചു. തീവണ്ടി സ്റ്റാർട്ട് ചെയ്ത പോലുള്ള ശബ്ദമുണ്ടാക്കി ചിരിച്ച ലാമ, മറുവാക്ക് മൊഴിഞ്ഞു: “ഞങ്ങളിലെല്ലാം കാണാമല്ലോ, കുട്ടി ചോദിച്ച ദലൈലാമയെ..”

ഞങ്ങൾ (ഞാനും അമ്പതോളം വിദ്യാർത്ഥികളും) അപ്പോൾ ഹിമാചൽ പ്രദേശിലെ ധര്മശാലയിൽ മക്ലിയോഡ് ഗഞ്ച് എന്ന മലനിരയുടെ ഓരം ചേർന്ന്, മഞ്ഞിനേയും മഴയെയും വകഞ്ഞ് മാറ്റി, നടക്കുകയായിരുന്നു. ദലൈലാമയുടെ നംഗ്യാൽ മൊണാസ്ട്രി സന്ദർശിക്കണം. അവിടുത്തെ പൂജാവിധികളും കര്മാനുഷ്ഠാനങ്ങളും നേരിട്ട് കാണണം. നെഹ്‌റുവെന്ന സോഷ്യലിസ്റ്റ് ‘വിശ്വചരിത്രാവലോകന’ താളുകളിൽ കോരിയിടുകയും അഭയം നൽകുകയും ചെയ്ത ടിബറ്റൻ ജനതയുടെ സെറ്റില്മെന്റിലൂടെ ബുദ്ധശരണവിളികൾ കേട്ട് ആത്മനിർവൃതി കൊള്ളണം. 

കേന്ദ്രസർക്കാർ പദ്ധതിയായ “ഏക് ഭാരത് ശ്രേഷ്ട ഭാരത്” പരിപാടിയുടെ ഭാഗമായിട്ടാണ് ഞങ്ങൾ ഹിമാലയതാഴ്വരയിൽ, ഇക്കഴിഞ്ഞ മാർച്ച് മാസം കാസറഗോഡിൽ നിന്നും എത്തിയത്. ഹിമാചൽ കേന്ദ്രസർവകലാശാല സ്ഥിതി ചെയ്യുന്നത് ധര്മശാലയിലാണ്. യൂണിവേഴ്‌സിറ്റിയിലും കാംഗ്ര ജില്ലയിലും ഒരാഴ്ച താമസിച്ച്, സാംസ്കാരിക വിനിമയമാണ് ലക്‌ഷ്യം. അതിന്റെ ഭാഗമായാണ്  മക്ലിയോഡ് ഗഞ്ച് എത്തിയിട്ടുള്ളത്.

അമ്പത്തൊമ്പതിലെ ടിബറ്റൻ പ്രക്ഷോഭ കാലത്താണ് നംഗ്യാൽ മൊണാസ്ട്രി ധര്മശാലയിലേക്ക് മാറ്റിയത് എന്നതടക്കമുള്ള അത്യാവശ്യ വിവരങ്ങൾ ഹിമാചൽ കേന്ദ്ര സർവകലാശാല അധ്യാപകനും മലയാളിയുമായ ഡോ. ഹരികൃഷ്ണൻ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.. 

മൊണാസ്ട്രിയെ വലയം ചെയ്ത്, എല്ലാ ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷണമൊരുക്കുന്ന ഹിമവാൻ, മഞ്ഞിന്റെ വെള്ളപ്പുതപ്പിൽ നിന്നും ഉണരാൻ ഇനിയും ആഴ്ചകളെടുക്കും. യൂണിവേഴ്‌സിറ്റി ഒരുക്കിത്തന്ന വാഹനം ബസ്റ്റാന്റിൽ ഉപേക്ഷിച്ചിട്ടാണ് ഞങ്ങൾ മലകയറ്റം തുടങ്ങിയിട്ടുള്ളത്. വളവുകളും തിരിവുകളും സന്ദർശകരുടെ തിരക്കും ഒക്കെയായി നടത്തം ദുഷ്‌കരമാണ്. പക്ഷെ, ചെറിയ കൂട്ടങ്ങളായി ഞങ്ങളതാസ്വദിച്ചു.

“ദലൈലാമ വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ ഈ മഠത്തിൽ വരികയുള്ളൂ.. അന്ന് പ്രത്യേക സുവിശേഷ പ്രസംഗവും അനുഗ്രഹം സമ്മാനിക്കലുമൊക്കെയുണ്ടാകും.” മൊണാസ്ട്രിയുടെ കവാടത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടയിൽ അവിടെയുണ്ടായിരുന്ന ഒരു ലാമ പറഞ്ഞു. 

പ്രവേശന കവാടത്തിൽ ‘ടിബറ്റൻ നാഷണൽ മാർടയേഴ്‌സ് മെമ്മോറിയൽ’ എന്ന പേരിൽ, മൂന്നാൾപ്പൊക്കത്തിൽ ഒരു സ്തൂപമുണ്ട്. 1950 ൽ ചൈന നടത്തിയ അധിനിവേശ ശ്രമങ്ങൾക്കെതിരെ പോരാടി രക്തസാക്ഷിയായവരെ സ്മരിക്കാനാണ് ഈ സ്തൂപം.

“എപ്പോഴായിരിക്കും ദലൈലാമയുടെ അടുത്ത സന്ദർശനം?” ഞങ്ങളെ അനുഗമിക്കുന്ന, പഹാഡി വിഭാഗക്കാരിയായ, ഹിമാചൽ വിദ്യാർത്ഥിനി പൂജയുടേതാണ് സംശയം. “ഒന്നും മുൻകൂട്ടി അറിയില്ല. സുരക്ഷാപ്രശ്നങ്ങൾ തന്നെ കാരണം..” സന്ദർശകർക്ക് കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാൻ നിയോഗിക്കപ്പെട്ട സന്യാസിമാരിൽ ഒരാൾ മറുപടി നൽകി. “ഈ വര്ഷം അദ്ദേഹത്തിന്റെ എൺപത്തിയഞ്ചാം പിറന്നാളായത് കൊണ്ട്, സന്ദർശനത്തിന്റെ എണ്ണം കൂടാനാണ് സാധ്യത.”

കുറെ ഗോവണിപ്പടികൾ കയറിയിട്ട് വേണം, ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ എത്താൻ. തണുപ്പും മഞ്ഞും, അടച്ചിട്ട ആ ദിക്കുകളിലേക്കും നുഴഞ്ഞ് കയറിയിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള വസത്രം ധരിച്ച്, പുഞ്ചിരിയോടെ സന്ദർശകരെ സ്വീകരിക്കാനും കാര്യങ്ങൾ വിശദീകരിക്കാനും, അച്ചടക്കത്തോടെ വരിയായി നിൽക്കുന്ന സന്യാസിമാർ. 

ക്ഷേത്രത്തിനുള്ളിൽ, ചിത്രപ്പണികൾ കൊണ്ട് കോറിയിട്ട പീഠത്തിൽ ഇരിക്കുന്ന വലിയൊരു ബുദ്ധപ്രതിമ. അതിനെ പ്രദക്ഷിണം വെക്കുക എന്നതാണ് തീർത്ഥാടകരുടെ ആദ്യ കർമം. പ്രദക്ഷിണത്തിനിടയിൽ, വിശ്വാസികൾ ‘പ്രാർത്ഥന ചക്രം’ തിരിക്കുകയും ചെയ്യുന്നു. അതുകഴിഞ്ഞാൽ, നിരവധി ഭാഷകളിൽ എഴുതപ്പെട്ട താളിയോല ഗ്രന്ഥങ്ങളുടെ ശേഖരം നിറച്ച ഒരു വലിയ മുറിയിലെത്തും. സെൽഫിയെടുക്കാൻ അനുവാദം ചോദിച്ച വിദ്യാർത്ഥികളോട് പുഞ്ചിരിയോടെ സമ്മതം നൽകുകയും, ചിലരോടൊപ്പം ഫ്രയിമുകളിൽ ചേരുകയും ചെയ്ത ലാമമാർ ശരിക്കുമൊരു കൗതുകം തന്നെയാണ്.    

അടുത്തതായി വലിയൊരു ഹാളിലേക്കാണ് ഞങ്ങളടക്കമുള്ള സന്ദർശകർ എത്തിയത്. ധ്യാനിക്കാനും പ്രാർത്ഥിക്കാനും മനനം ചെയ്യാനും എല്ലാ മനുഷ്യർക്കും സൗകര്യമൊരുക്കിയിരിക്കുന്ന വിശാലമായൊരു ഹാൾ. അവിടിവിടങ്ങളിലായി ബുദ്ധന്റെയും അവലോകതേശ്വരന്റെയും പാമസാംബവന്റെയും പ്രതിമകൾ.  

ഈ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഒരു ചെറിയ മ്യുസിയം കൂടിയുണ്ട്. ദലൈലാമയുടെ അപൂർവ ചിത്രങ്ങളുടെ ശേഖരം അടക്കമുള്ള നിരവധി വസ്തുക്കൾ കാണാനും സ്പര്ശിക്കാനും അനുഭവിക്കാനും അവസരം നൽകുന്ന മ്യുസിയം. ടിബറ്റൻ രക്തസാക്ഷികളെ കുറിച്ചുള്ള ഒരു ഹ്രസ്വ ചരിത്രത്തെ തൊട്ടറിയാനും, ടിബറ്റിൽ നിന്നും ദലൈലാമ രക്ഷപ്പെട്ടതെങ്ങിനെ എന്ന് വിശദീകരിക്കുന്ന ചിത്രങ്ങളും കൺകുളിർക്കെ കണ്ട്, ലാമമാരുടെ സാംസ്കാരികതയെ പരിചയപ്പെടുത്തുന്ന, ദീർഘമല്ലാത്ത, ഒരു വീഡിയോ പ്രസന്റേഷനും കൂടി ആസ്വദിച്ച ശേഷമേ മ്യുസിയത്തിൽ നിന്നും പുറത്തിറങ്ങാനാവൂ.

മൊണാസ്ട്രിക്കുള്ളിൽ യാതൊരു വിധ ഭക്ഷണ സ്റ്റാളുകളും ഇല്ല. “പുറത്തെ തെരുവിൽ നല്ല രുചിയുള്ള മോമോസ് കിട്ടും. അത് ഭക്ഷിക്കുക കൂടി ചെയ്താലേ, ഈ സന്ദർശനം പൂര്ണമാവൂ എന്നാണ് വിശ്വാസം.” ഹിമാചൽ വാഴ്‌സിറ്റിയിൽ നിന്നും ഞങ്ങളെ അനുഗമിക്കുന്ന മറ്റൊരു വിദ്യാർത്ഥിയായ വൈഭവ് തെല്ലുറക്കെ പറഞ്ഞു..

“എന്നാലത് സാറിന്റെ വക തന്നെയാവട്ടെ..” കൂട്ടം, തിട്ടൂരമിറക്കി.. 

അഭൗമികമായ ഒരദ്ധ്യാത്മിക പരിസരത്തു നിന്നും പുറത്തിറങ്ങി, കൂടുതൽ ധിക്കാരിയായ മഞ്ഞിനോട് പടവെട്ടി ലാമകളും സന്ദർശകരും ഒഴുകുന്ന തെരുവിൽ ആധുനിക സൗകര്യങ്ങൾ നിറഞ്ഞ ഒരു ചിക്കൻ മോമോസ് റസ്റ്റോറന്റിലേക്ക് കയറുന്നതിനിടയിൽ, ഇക്കിളി കൊണ്ട് പുളയുന്ന മക്ലിയോഡ് ഗഞ്ച് വല്ലാത്തൊരു  ഭാവത്തിൽ താഴ്വരയിൽ ജ്വലിച്ചു നിന്നു.   

 

ഡോ. ബി. ഇഫ്തിഖാർ അഹമ്മദ്
അസിസ്റ്റന്റ് പ്രൊഫസർ, ഇംഗ്ലീഷ് 
കേരള കേന്ദ്ര സർവകലാശാല 
കാസര്‍ഗോഡ് 
ഫോൺ: 9400577531

Related Articles

Back to top button