കൊച്ചി: ഐ.ജി. പി.വിജയന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് നിരവധി പേര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ്. ഒറിജിനല്‍ എഫ്.ബി. പേജിന്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊഫൈല്‍ വിവരണങ്ങള്‍ ഒഴിച്ചാല്‍ രണ്ടും ഒരുപോലെ. ജനന തീയതിയായി യഥാര്‍ത്ഥ പേരില്‍ നല്‍കിയിരിക്കുന്നത് 25 സെപ്റ്റംബര്‍ ആണ്.
എന്നാല്‍ വ്യാജനില്‍ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം. കഴിഞ്ഞ കുറേ ദിവസമായി നിരവധി പേര്‍ക്ക് ഐ.ജി. പി.വിജയന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്. ചിലര്‍ പൊലീസില്‍ തന്നെയുള്ള സുഹൃത്തുക്കളോട് ഇത് പങ്കുവച്ചു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥനായ പി.എസ്.രഘുവാണ് ഇക്കാര്യം ഐ.ജി.യുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതും ഡി.ജി.പിയുടെ കണ്ട്രോള് റൂമില്‍ പരാതി നല്കിയതും.
തന്റെ പേരില്‍ വ്യാജ എബ്.ബി. പേജ് ആരോ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കേസ് നല്‍കിയിട്ടുണ്ടെന്നും ഐ.ജി. പി.വി.ജയന് ഒറിജിനല്‍ അക്കൗണ്ടിലൂടെ അറിയിച്ചു. സാധാരണ നിലയില്‍ താന്‍ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കാറില്ല. അതിനാല്‍ റിക്വസ്റ്റ് ലഭിക്കുന്നവര്‍ സ്വീകരിക്കരുതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഐ.ജി.യുടെ പരാതിയാല്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.