തിരുവനന്തപുരം: ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ കെ രമ. രൂക്ഷമായ പ്രതികരണമാണ് കെ കെ രമ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയിട്ടുള്ളത്. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു.
ഞങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സര്‍ക്കാര്‍ പ്രതികള്‍ക്ക് നല്‍കുന്നു. പ്രതികളെ സിപിഎം നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോള്‍ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കള്‍ പ്രതികളെ കാണാന്‍ ജയിലിലേക്ക് ഓടുന്നു. പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ ഗൂഢാലോചന ഉണ്ടെന്നും അവര്‍ ആരോപിച്ചു.
ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് ശിക്ഷ ഇളവിന് ശുപാര്‍ശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു.
1,086 Less than a minute