BREAKING NEWSKERALA

ടിപിയുടെ ഫോണ്‍ നമ്പര്‍ തന്റെ ഔദ്യോഗിക നമ്പരാക്കി കെ കെ രമ

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ തന്റെ ഔദ്യോഗിക ഫോണ്‍ നമ്പരാക്കി വടകര എംഎല്‍എയും ടി പിയുടെ സഹധര്‍മിണിയുമായ കെ കെ രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന ഈ നമ്പര്‍ ഔദ്യോഗിക ഫോണ്‍ നമ്പരാക്കിയ കാര്യം അവര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.
”ആ നമ്പര്‍ ടിപിയുടെ സഹപ്രവര്‍ത്തകര്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടിപി വീണുപോയിടത്ത് നിന്നാണ് ഞങ്ങള്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു. ടി പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തില്‍ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ക്ക് എംഎല്‍എയെ വിളിക്കാം” രമ ലൈവില്‍ പറഞ്ഞു.
9447933040 എന്ന ടി.പി യുടെ നമ്പറാണ് വടകര എം എല്‍ എയുടെ പേരില്‍ സജീവമാകുന്നത്. 0496 2512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പരിലും ജനങ്ങള്‍ക്ക് രമയെ സഹായത്തിനായി വിളിക്കാവുന്നതാണ്.

രമയുടെ വാക്കുകള്‍

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ അപാരമായ സ്‌നേഹ വായ്‌പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാര്‍ഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാല്‍ ആ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും പങ്കിടുന്നു.
കൂടുതല്‍ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം എല്‍ എ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി. കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവര്‍ക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം.
വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറുകള്‍ പരിചയപ്പെടാം.

+914962512020 ഇതാണ് വടകരയിലെ എം.എല്‍.എ ഓഫീസ് നമ്പര്‍.
+919447933040 ഇത് എം.എല്‍.എയുടെ ഔദ്യോഗിക നമ്പറാണ്.
ഇത് കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും ഈ നമ്പര്‍ ഓര്‍മ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരന്‍ അവസാന നാള്‍ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്.
ഈ നമ്പര്‍വീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തില്‍ തന്നെ സജീവ സമര സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്ന വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാന്‍ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമല്ലോ ! സ ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്‌പോവുകയാണ് നമ്മള്‍ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാം..
കെ.കെ രമ.

നിയമസഭയിലും താന്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദമാകുമെന്ന് കെ കെ രമേ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker