
വയോധികയെ അവഹേളിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. പ്രചാരണം വസ്തുതാ വിരുദ്ധമാണ്. സ്ത്രീകളെ അവഹേളിക്കുന്ന സമീപനം കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു.
പരാതിക്കാരിക്ക് വേണ്ടി സംസാരിച്ചയാൾ തെറ്റിദ്ധരിപ്പിച്ചതാണ്. ശബ്ദരേഖ എഡിറ്റ് ചെയ്ത് കമ്മീഷനെതിരെ പ്രചാരണം നടത്തി. കഥാകൃത്ത് ടി. പത്മനാഭന്റെ പരാമർശം വസ്തുതകൾ പരിശോധിക്കാതെയുള്ളതാണ്. അദ്ദേഹത്തിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും എം.സി ജോസഫൈൻ പ്രതികരിച്ചു.
സിപിഐഎം നേതാക്കളുടെ ഗൃഹസമ്പർക്ക പരിപാടിക്കിടെയാണ് എം.സി ജോസഫൈനെതിരെ കഥാകൃത്ത് ടി. പത്മനാഭൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. പരാതിക്കാരോട് അനുഭാവപൂർവം സംസാരക്കേണ്ട ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വിമർശിച്ചിരുന്നു. കുപ്രചാരണങ്ങൾ വഴി വനിതാ കമ്മീഷനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോസഫൈൻ പറഞ്ഞു. പരാതിക്കാരിയായ വയോധികയ്ക്ക് നീതികിട്ടുമെന്നും പരാതി കോടതിയിലാണെന്നും വനിതാ കമ്മീഷൻ അറിയിച്ചു.