BREAKING NEWSLATESTNATIONAL

ടി.പി.ആര്‍. പത്തില്‍ കൂടുതലുള്ള ജില്ലകള്‍ക്ക് പ്രത്യേക മാര്‍ഗരേഖ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 46,617 ആയി കുറഞ്ഞെങ്കിലും രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.
രോഗസ്ഥിരീകരണം(ടി.പി.ആര്‍.) പത്തു ശതമാനത്തില്‍ കൂടുതലുള്ള 71 ജില്ലകളുണ്ട്. അവിടങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. ടി.പി.ആര്‍. പത്തില്‍ കൂടുതലുള്ള ജില്ലകള്‍ക്കായി കേന്ദ്രം പ്രത്യേക മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ ആശുപത്രികളില്‍ 60 ശതമാനത്തിലധികം കിടക്കകളില്‍ രോഗികളുണ്ടെങ്കില്‍ രണ്ടാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. തീവ്രവ്യാപനമുള്ള ജില്ലകളില്‍ മൈക്രോ ക്ലസ്റ്ററുകളും മൈക്രോ കണ്‍ടെയിന്‍മെന്റും ഏര്‍പ്പെടുത്തണം. ജില്ലാ അധികൃതരെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തണം.
കേരളത്തിലടക്കം ചില ജില്ലകളില്‍ രോഗവ്യാപനം ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ ഒന്നിലധികം കാരണങ്ങളുണ്ടാകും. വൈറസിന്റെ വ്യാപനരീതി മാത്രമല്ല, ജനങ്ങളുടെ ജാഗ്രതക്കുറവ്, രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നടപടികള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ അതിനുപിന്നിലുണ്ടാകാം. ഈ സംസ്ഥാനങ്ങള്‍ മറ്റു ജില്ലകളില്‍ കോവിഡിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ആ നിലയ്ക്ക് ഇപ്പോള്‍ വൈറസ്‌വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും അതിനെ നിയന്ത്രിക്കാന്‍ സാധിക്കും. കോവിഡിനെതിരായ പോരാട്ടം നൂറുമീറ്റര്‍ ഓട്ടമല്ല, മറിച്ച് മാരത്തണ്‍ ആണ്. ഏതെങ്കിലും പ്രദേശങ്ങളില്‍ രോഗം ശമിക്കാതെ വന്നാല്‍ രാജ്യം കോവിഡ് മുക്തമാവില്ല. രോഗം തീരെ കുറഞ്ഞ പല രാജ്യങ്ങളിലും അത് കൂടിവരുന്ന പ്രവണതയാണ് കാണുന്നത്. ഇതെല്ലാം കണക്കിലെടുത്ത് കൂട്ടായ ശ്രമമാണ് വേണ്ടതെന്ന് ഡോ. വി.കെ. പോള്‍ പറഞ്ഞു.
വാക്‌സിനെടുക്കുന്നതില്‍ വിമുഖത കാട്ടരുത്. പഞ്ചാബില്‍ പോലീസുകാര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ ഡേറ്റ വാക്‌സിന്‍ സുരക്ഷിതത്വത്തിന് തെളിവാണ്. വാക്‌സിന്‍ സ്വീകരിക്കാത്ത 4868 പോലീസുകാരില്‍ 15 പേര്‍ മരിച്ചു. ആയിരത്തില്‍ മൂന്നുപേര്‍ എന്ന തോതില്‍. ഒരു ഡോസ് എടുത്ത 35,856 പേരില്‍ ഒമ്പതുപേരും(ആയിരത്തില്‍ 0.25 പേര്‍) രണ്ടു ഡോസ് എടുത്ത 42,720 പേരില്‍ രണ്ടുപേരും(ആയിരത്തില്‍ 0.05 പേര്‍)മരിച്ചു. ഒരു ഡോസ് എടുത്തവര്‍ക്ക് 92 ശതമാനവും രണ്ടു ഡോസ് എടുത്തവര്‍ക്ക് 98 ശതമാനവും ആണ് സുരക്ഷിതത്വമെന്ന് ഡോ. പോള്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker