KERALALATEST

ട്രെയിനില്‍ യുവതിയെ അക്രമിച്ച പ്രതി പോലീസ് പിടിയില്‍

പത്തനംതിട്ട: ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ പിടിയിലായി. പത്തനംതിട്ട ചിറ്റാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് മാവേലിക്കര റെയില്‍വേ പൊലീസിന് കൈമാറി. മാവേലിക്കര റെയില്‍വേ പൊലീസ് കോട്ടയം റെയില്‍വേ പൊലീസിനു കൈമാറി. ഏപ്രില്‍ 28നാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. കൊല്ലം നൂറനാട് സ്വദേശിയാണ് പിടിയിലായ പ്രതി ബാബുക്കുട്ടന്‍.
ഒളിവില്‍ താമസിക്കാന്‍ ചിറ്റാറിലുള്ള ബന്ധു വീട്ടില്‍ ഇയാള്‍ എത്തിയെങ്കിലും അവര്‍ അതിനു സമ്മതിച്ചില്ല. ബസ്സില്‍ തന്നെയാണ് ഇയാള്‍ ഇവിടെയെത്തിയത്. ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നതിനാല്‍ ബാബുവിനെ കണ്ട അയല്‍വാസിക്ക് സംശയം തോന്നി പോലീസില്‍ അറിയിച്ചു. ഉടന്‍തന്നെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.
പ്രാണരക്ഷാര്‍ത്ഥം ട്രെയിന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കു പരിക്കേറ്റു. ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞിരമറ്റം ഭാഗത്തുവെച്ചാണ് സംഭവം ഉണ്ടായത്. മുളന്തുരുത്തി സ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. സ്‌ക്രൂ ഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ അക്രമി മാല പൊട്ടിച്ചെടുക്കുകയും വള ഊരിവാങ്ങുകയും ചെയ്തിരുന്നു. അന്നു തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമായി നടന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രതി എത്തിയെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
വീണ്ടും ആക്രമിക്കാന്‍ ശ്രമം ഉണ്ടായതോടെ യുവതി ട്രെയിനില്‍നിന്ന് പുറത്തേക്കു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ യുവതിയുടെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിനിന്റെ വാതിലില്‍ ഏറെ നേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി പുറത്തേക്കു വീണത്. സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയില്‍ ബോധരഹിതയായിരുന്ന യുവതിയെ വളരെ വേഗത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ട്രെയിന് വേഗത കുറവായതിനാലാണ് യുവതിക്ക് സാരമായ പരിക്ക് പറ്റാതിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന യുവതി ഏപ്രില്‍ 28ന് രാവിലെ മുളന്തുരുത്തിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ഈ സമയം യുവതി കയറിയ കംപാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലായിരുന്നു. ട്രെയിന്‍ പുറപ്പെടാനായി തുടങ്ങുമ്പോഴാണ് അജ്ഞാതനായ ഒരാള്‍ അവിടേക്ക് വന്നത്. മാസ്‌ക്ക് ധരിച്ചതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. മുളന്തുരുത്തി സ്റ്റേഷന്‍ പിന്നിട്ടതോടെ അക്രമി യുവതിയുടെ സമീപത്തേക്കു വന്നു. ഇതു കണ്ടു യുവതി പിന്നോട്ടു മാറി.
എന്നാല്‍ ഉടന്‍ കൈയില്‍ കരുതിയിരുന്ന സ്‌ക്രൂഡ്രൈവര്‍ യുവതിക്കുനേരെ ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും വള ഊരി വാങ്ങുകയും ചെയ്തു. ഈ സമയം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും, സ്‌ക്രൂഡ്രൈവര്‍ കഴുത്തിനുനേരെ വീശിയതോടെ യുവതി പിന്‍മാറുകയായിരുന്നു. ആഭരണങ്ങള്‍ ഊരി നല്‍കിയ ശേഷവും അതിക്രമം നടത്താനായി തുനിഞ്ഞതോടെയാണ് യുവതി കുതറിമാറി വാതിലിന്റെ ഭാഗത്തേക്കു പോയതും പുറത്തേക്കും വീണതും.
പത്തു വര്‍ഷം മുമ്പ് കേരളത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് സംഭവം കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2011 ഫെബ്രുവരി 11ന് എറണാകുളത്തെ ജോലി സ്ഥലത്തുനിന്ന് ഷൊര്‍ണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൌമ്യയെ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷമാണ് ഗോവിന്ദച്ചാമി എന്നയാള്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഗോവിന്ദച്ചാമിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചെങ്കിലും സുപ്രീം കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker