സോഷ്യല്‍ മീഡിയയില്‍ വൈറലാവുക എന്ന ലക്ഷ്യത്തോടെ അപകടകരമായ രീതിയില്‍ സ്റ്റണ്ടുകള്‍ നടത്തുന്നത് ഇന്ന് ഒരു പുതിയ കാര്യമല്ല. നിരവധി പേര്‍ക്കാണ് ഇത്തരം ബുദ്ധിശൂന്യമായ പ്രവൃത്തികളിലൂടെ സ്വന്തം ജീവന്‍ പോലും നഷ്ടമായിരിക്കുന്നത്. ദുരന്തങ്ങള്‍ പതിവാകുമ്പോഴും ഉയര്‍ന്ന അപകടസാധ്യതയുള്ള ഇത്തരം പ്രകടനങ്ങളുടെ ഭാഗമാകുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറുന്നില്ല എന്നതാണ് ആശങ്കാജനകമായ വസ്തുത.
മുംബൈയിലെ സെവ്രി സ്റ്റേഷനില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ഒരു സ്റ്റണ്ട് നടത്തി ഈ മാസം ആദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വ്യക്തിയെ ഓര്‍ക്കുന്നുണ്ടോ? ആ വ്യക്തിയെ തേടി സെന്‍ട്രല്‍ റെയില്‍വേയുടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കഴിഞ്ഞദിവസം ആളുടെ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സെവ്രി സ്റ്റേഷനിലെ സ്റ്റണ്ടിന് ശേഷം ഇയാള്‍ നടത്തിയ മറ്റൊരു അതിസാഹസിക സ്റ്റണ്ടില്‍ അപകടത്തില്‍പ്പെട്ട ഇയാള്‍ക്ക് നഷ്ടമായത് ഇടതുകൈയും കാലുമാണ്.
ഈ കാഴ്ച കണ്ട് ഞെട്ടിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെയാണ് എക്‌സില്‍ (ട്വിറ്ററില്‍) ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചത്. പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവൃത്തികളുടെ അപകടത്തെ ഉയര്‍ത്തിക്കാട്ടി. വഡാല നിവാസിയായ ഫര്‍ഹത്ത് അസം ഷെയ്ഖ് എന്ന വ്യക്തിയാണ് ഇത്തരത്തില്‍ ഒരു ദുരന്തത്തിന് ഇരയായത്. ഈ വര്‍ഷം മാര്‍ച്ച് 7 -ന് ചെയ്ത സ്റ്റണ്ട് വീഡിയോയിലൂടെയാണ് ഇയാള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍, ഏപ്രില്‍ 14 -ന് മറ്റൊരു സ്റ്റണ്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയും കാലും നഷ്ടപ്പെട്ട ഹൃദയഭേദകമായ സംഭവം നടന്നു.
മാര്‍ച്ച് ഏഴിന് ഇയാള്‍ നടത്തിയ സ്റ്റണ്ടിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇയാളെ മറ്റൊരു സംഭവത്തില്‍ കയ്യും കാലും നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഡാല്‍ ആര്‍പിഎഫാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
62 1 minute read