BREAKING NEWSTECHWEBWORLD

ട്വിറ്റര്‍ കുരുവിയെ ഇലോണ്‍ മസ്‌ക് കൂട്ടിലാക്കി

ന്യൂഡല്‍ഹി: സമൂഹമാധ്യമമായ ട്വിറ്റര്‍ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് സ്വന്തമാക്കുന്നു. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളര്‍) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാന്‍ കരാര്‍ ഒപ്പുവച്ചു. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ഇതോടെ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) നല്‍കിയാണ് ഏറ്റെടുക്കല്‍. ഏപ്രില്‍ ഒന്നിന് ട്വിറ്ററിന്റെ ഓഹരി വാങ്ങിയവര്‍ക്ക് 26 ദിവസം കൊണ്ട് 38 ശതമാനം ലാഭം ലഭിക്കും. മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിച്ചത്. അര്‍ധരാത്രിയായിരുന്നു പ്രഖ്യാപനം.
മസ്‌കിന്റെ കയ്യില്‍പെടാതിരിക്കാനായി ഷെയര്‍ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍ (പോയിസണ്‍ പില്‍) എന്ന തന്ത്രം നടപ്പാക്കാന്‍ തുടക്കത്തില്‍ ട്വിറ്റര്‍ തീരുമാനിച്ചിരുന്നു. കമ്പനിയിലെ മസ്‌കിന്റെ ഓഹരിവിഹിതം നിലവിലെ 9.1 ശതമാനത്തില്‍നിന്നു ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കല്‍ ചെലവേറിയതാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കലിനുള്ള തുക എങ്ങനെ സമാഹരിക്കുമെന്നു വ്യക്തമാക്കിയ മസ്‌ക് 4650 കോടി ഡോളര്‍ (3.71 ലക്ഷം കോടി രൂപ) സജ്ജമാണെന്നും അറിയിച്ചു. മസ്‌ക് ഉയര്‍ന്ന വില വാഗ്ദാനം ചെയ്തതിനാല്‍ നിക്ഷേപകരുടെ സമ്മര്‍ദവും ശക്തമായിരുന്നു. ‘പോയിസണ്‍ പില്‍’ പ്രാബല്യത്തിലുള്ളപ്പോഴും നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തി ബോര്‍ഡിനു വേണമെങ്കില്‍ ഏറ്റെടുക്കലിലേക്കു നീങ്ങാമെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്പനിമൂല്യത്തെക്കാള്‍ വളരെ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്താല്‍ അതു സ്വീകരിക്കുകയാണു ബോര്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ട്വിറ്റര്‍ ഒരു മാധ്യമം കൂടിയായതിനാലും സ്വകാര്യ ഉടമസ്ഥതയോടു യോജിപ്പില്ലാത്തതിനാലുമാണു തീരുമാനം വൈകിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker