BREAKING NEWSLATESTNATIONAL

ട്വിറ്റര്‍ മൗനംവെടിഞ്ഞു… അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്ന നിയന്ത്രണങ്ങളില്‍ ആശങ്ക

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ മൗനംവെടിഞ്ഞ് ട്വിറ്റര്‍. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ ട്വിറ്റര്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അറിയിച്ചു. കോണ്‍ഗ്രസ് ടൂള്‍ക്കിറ്റ് വിവാദത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരുമായി ഉരസിനില്‍ക്കുന്നതിനിടയിലാണ് പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ സംബന്ധിച്ചുളള തങ്ങളുടെ നിലപാട് ട്വിറ്റര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഇന്ത്യയിലെ ജനങ്ങളോട് വളരെയധികം പ്രതിജ്ഞാബദ്ധരാണ്. പൊതുസംവാദങ്ങള്‍ക്കും മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്ന ഉറവിടമാണെന്നും തെളിയിക്കപ്പെട്ടിട്ടുളളതാണ്. ഞങ്ങളുടെ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നതിന് വേണ്ടി രാജ്യത്ത് ബാധകമായ നിയമങ്ങള്‍ പിന്തുടരാന്‍ ഞങ്ങള്‍ ശ്രമിക്കും. എന്നാല്‍ ലോകമെമ്പാടും ഞങ്ങള്‍ ചെയ്യുന്നത് പോലെ സുതാര്യതയുമായി ബന്ധപ്പെട്ട പ്രമാണങ്ങള്‍, സേവനവുമായി ബന്ധപ്പെട്ട ശബ്ദങ്ങളെ ശാക്തീകരിക്കുന്നതിനുളള പ്രതിബദ്ധത, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക, നിയമപ്രകാരം സ്വകാര്യത സംരക്ഷിക്കുക തുടങ്ങിയവ ഞങ്ങള്‍ തുടരും.’ ട്വിറ്റര്‍ വക്താവ് പറഞ്ഞു.
‘ഇപ്പോള്‍, ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങള്‍ സേവനം നല്‍കുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങള്‍ ആശങ്കാകുലരാണ്. ട്വിറ്ററിന്റെ ആഗോള സേവന നിബന്ധനകള്‍ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.
സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ തടയുന്ന നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടണമെന്നാണ് ഞങ്ങള്‍ കരുതിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായി ക്രിയാത്മകമായ സംഭാഷണം തുടരും. പൊതുജനങ്ങളുടെ താല്പര്യം സംരക്ഷിക്കുക എന്നുളളത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും ഇന്‍ഡസ്ട്രിയുടെയും സിവില്‍ സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്.’ ട്വിറ്റര്‍ വ്യക്തമാക്കി.
കോവിഡ് ടൂള്‍ക്കിറ്റ് ആരോപണമുന്നയിച്ച് ബിജെപി വക്താവ് സാംപിത് പത്ര ചെയ്ത ട്വീറ്റില്‍ മാനിപുലേറ്റഡ് മീഡിയ എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ഉള്‍പ്പെടുത്തിയതോടെയാണ് ട്വിറ്ററും കേന്ദ്രവും തമ്മിലുളള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ സെല്‍ ട്വിറ്ററിന് നോട്ടീസ് നല്‍കുയും ട്വിറ്റര്‍ ഓഫീസുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ ‘വിവരസാങ്കേതികവിദ്യാ ചട്ടം’ (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. പ്രബല കമ്പനികള്‍ക്ക് അതുനടപ്പാക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കി. ബുധനാഴ്ച സമയം അവസാനിച്ചിരുന്നു.
കമ്പനികള്‍ ചീഫ് കംപ്ലിയന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്ട് പേഴ്‌സണ്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ ഇന്ത്യയില്‍ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. ഇതുപ്രകാരം നിയമിക്കപ്പെട്ടവരുടെ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കും ഗൂഗിളും യൂട്യൂബുമടക്കമുള്ള സ്ഥാപനങ്ങള്‍ ചട്ടം നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാര്‍ഗരേഖ പാലിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്.
ചട്ടം ചോദ്യംചെയ്ത് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാജ്യസുരക്ഷ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളില്‍ ഉള്ളടക്കത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയാണ് അവര്‍ മുഖ്യമായും ചോദ്യംചെയ്യുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker