BREAKING NEWSKERALA

ടൗട്ടെ ചുഴലിക്കാറ്റ്: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മറ്റ് ജില്ലകളില്‍ ഓറഞ്ച്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്.. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി, മണിക്കൂറില്‍ 11 കിലോ മീറ്റര്‍ വേഗതയില്‍ വടക്ക്‌വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 15 മെയ് 2021 ന് പകല്‍ 08.30 ന് 12.8 °N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോ മീറ്റര്‍ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിലോ മീറ്റര്‍ തെക്കുതെക്കു പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കനത്ത മഴയെത്തുടര്‍ന്ന് മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്. കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നല്‍കിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker