ബ്രസല്‍സ് (ബല്‍ജിയം): ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്. 87.86 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. 87.87 മീറ്റര്‍ ദൂരം ഏറിഞ്ഞ മുന്‍ ലോകചാംപ്യന്‍ ഗ്രനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97 മീറ്ററുമായി മൂന്നാമതെത്തി. 30,000 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷം രൂപ) ഡയമണ്ട് ലീഗ് ചാംപ്യന്‍മാര്‍ക്കുള്ള സമ്മാനത്തുക. 2022-ല്‍ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഫൈനലില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്.
മൂന്നാം ശ്രമത്തിലാണ് നീരജ് 87.86 മീറ്റര്‍ ദൂരം പിന്നിട്ടത്. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ 6 ത്രോകള്‍. അതേസമയം, ആദ്യ ശ്രമത്തില്‍ തന്നെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് 87.87 മീറ്റര്‍ ദൂരം ഏറിഞ്ഞു. 87.87, 86.96, 85.40, 85.85, 84.11, 87.86 എന്നിങ്ങനെയായിരുന്നു പീറ്റേഴ്‌സിന്റെ ത്രോകള്‍.
തുടര്‍ച്ചയായ മൂന്നാം ഡയമണ്ട് ലീഗ് ഫൈനലിനിറങ്ങിയ നീരജ് ചോപ്ര, ജാവലിന്‍ത്രോയിലെ ഡയമണ്ട് ലീഗ് സീസണ്‍ റാങ്കിങ്ങില്‍ നാലാമതാണ്. 2022 സീസണില്‍ സൂറിക്കില്‍ നടന്ന ഡയമണ്ട് ലീഗ് ഫൈനല്‍സില്‍ 88.44 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം 84.24 മീറ്റര്‍ ഏറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് ഒന്നാമതെത്തിയപ്പോള്‍ 83.80 മീറ്റര്‍ ദൂരം എറിഞ്ഞ നീരജ് രണ്ടാമതായി.
87 1 minute read