ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. വെള്ളം കയറിയ ബേസ്മെന്റില്‍ നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയ ബേസ്മെന്റില്‍ മുങ്ങല്‍ വിദഗ്ധര്‍ പരിശോധന തുടരുകയാണ്. അഗ്‌നിരക്ഷാസേന മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ നിലകളിലുള്ളവര്‍ സുരക്ഷിതരാണ്.
ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഡല്‍ഹിയില്‍ കനത്ത മഴയാണ് പെയ്യുന്നത്. അതേസമയം സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.
62 Less than a minute