NEWSNATIONAL

ഡല്‍ഹി ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, മുകേഷ് അഹ്ലാവത്ത്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതിഷിയുടെ മാതാപിതാക്കളായ ത്രിപ്ത വാഹിയും വിജയ് സിങ്ങും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു സത്യപ്രതിജ്ഞ.സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എംഎല്‍എ മുകേഷ് അഹ്ലാവത് ആണ് മന്ത്രിസഭയില്‍ പുതുമുഖം. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മന്ത്രിസ്ഥാനം രാജിവച്ച് ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച രാജ്കുമാര്‍ ആനന്ദ് പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്കുമാര്‍ ആനന്ദ് രാജിവച്ച ഒഴിവിലേക്കാണ് വ്യാപാരിയായ മുകേഷ് കുമാര്‍ അഹ്ലാവത്ത് എത്തുന്നത്.11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി. അരവിന്ദിന് പകരം അതിഷി തന്നെയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തില്‍ ആം ആദ്മിക്ക് വേണ്ടി ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച അതിഷിയില്‍ കെജ്‌രിവാള്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിഷിയുടെ പേര് നിര്‍ദേശിച്ചതും അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്.

Related Articles

Back to top button