LATESTBREAKING NEWSNATIONALTOP STORY

ഡല്‍ഹി ഓര്‍ഡിനന്‍സ്: എഎപിയെ പിന്തുണയ്ക്കരുത്; ഹൈക്കമാന്‍ഡിനോട് പഞ്ചാബ്, ഡല്‍ഹി പിസിസികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണയ്ക്കരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് പഞ്ചാബ്, ഡല്‍ഹി പിസിസികള്‍. ഓര്‍ഡിനന്‍സിനെ എതിര്‍ത്താലും എഎപിയെ പിന്തുണയ്ക്കരുതെന്നാണ് സംസ്ഥാന നേതൃത്വങ്ങള്‍ കേന്ദ്ര നേതാക്കളെ അറിയിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് ഡല്‍ഹി കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ഡല്‍ഹിയിലും പഞ്ചാബിലും എഎപി സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഈ സാഹചര്യത്തില്‍ എഎപിയെ പിന്തുണയ്ക്കരുതെന്നാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള പിസിസി നേതാക്കളും ആവശ്യപ്പെട്ടത്.

ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കാന്‍ പ്രത്യേക അതോറിട്ടി രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു.

ഈ വിധി മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുകയാണ് എഎപി. ശരദ് പവാര്‍, മമതാ ബാനര്‍ജി, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കളുമായി ഇതിനോടകം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചര്‍ച്ച നടത്തിയിരുന്നു. നാളെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കെജരിവാള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker