MagazinesBREAKING NEWSFeaturedKERALALATEST

ഡിജിപി ബി സന്ധ്യയുടെ പുതിയ പുസ്തകം: പൊലീസ് അക്കാദമിയിലെ പക്ഷികളെക്കുറിച്ച്

കേരളത്തില്‍ പുസ്തകമെഴുതിയ പോലീസുദ്യോഗസ്ഥര്‍ ഒട്ടേറെയുണ്ട്. ഔദ്യോഗിക ഭാരങ്ങള്‍ എല്ലാം ഒഴിവാക്കിയ ശേഷം നടത്തുന്ന തിരിഞ്ഞു നോട്ടങ്ങളാണവ. സര്‍വ്വീസ് സ്‌റ്റോറികള്‍ ആയി അവ പരിഗണിക്കപ്പെടുന്നു. അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് ആ രഹസ്യകഥകള്‍ അറിയാന്‍ കൗതുകമുണ്ടാവുക സ്വാഭാവികം. ഔദ്യോഗി സ്ഥാനത്തിരുന്നുകൊണ്ട് പുസ്തകമെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ച് പോലീസുകാര്‍ക്ക് ചട്ടപ്പടിയാവണം. ഇല്ലെങ്കില്‍ തുടര്‍ന്നുള്ള സര്‍വ്വീസിനെ വരെ അതു ബാധിച്ചേക്കാം. ഒട്ടേറെ അനുഭവങ്ങള്‍ നിലവിലുണ്ട്.
ഡിജിപി സന്ധ്യയുടെ പുതിയ പുസ്തകം പുറത്തിറങ്ങിയെന്നറിയുമ്പോള്‍ തന്നെ അതില്‍ രഹസ്യം ചികയുന്നവരോട്… അതു മുഴുവന്‍ രഹസ്യങ്ങളാണ്. കയ്യേറ്റക്കാരെ നേരിട്ടതിന്റെ അനുഭവം കൂടിയാണത്. ഒരു സ്ഥാപനത്തിന്റെ സ്വത്തും വളപ്പും കയ്യേറിയരും അവിടെ സന്ദര്‍ശകരായും അല്ലാതെയുമെത്തുന്ന കുറേ ജീവിതങ്ങളുടെ ..ആവാസ വ്യവസ്ഥയുടെ രഹസ്യങ്ങള്‍ തുറന്നിടുകയാണിവിടെ. പറക്കുന്ന സൗന്ദര്യങ്ങള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. അതില്‍ വിവാദങ്ങള്‍ ഉണ്ടാവുമെന്ന ആലോചന വേണ്ട , പക്ഷികളെ കുറിച്ചാണ് ഇത്തവണ ഡിജിപി എഴുതിയിരിക്കുന്നത്.
തൃശൂരിലെ കേരള പോലീസ് അക്കാദമി വളപ്പില്‍ കുടിയേറിയും വിരുന്നുകാരായും കഴിഞ്ഞുകൂടുന്ന കുറേ പക്ഷികളെ പരിചയപ്പെടുത്തുകയാണ് ബി സന്ധ്യ ഈ പുസ്തകത്തിലൂടെ . ഇതാദ്യമായല്ല പ്രകൃതിയെ ബി സന്ധ്യ രചനാവിഷയമാക്കുന്നത്. നീലക്കൊടുവേലിയുടെ കാവല്‍ക്കാരി , നീര്‍മരുതിലെ ഉപ്പന്‍ തുടങ്ങിയ കൃതികളിലൊക്കെ പ്രകൃതിയും പ്രമേയമാക്കപ്പെടുന്നുണ്ട്. എന്നാല്‍ പൊലീസ് അക്കാദമിയില്‍ കൂടുവച്ച പക്ഷികളെ കുറിച്ചു വര്‍ണ്ണിക്കുന്ന ഈ പുസ്തകം പ്രമേയത്തിലെ തിരഞ്ഞെടുപ്പുകൊണ്ടു തന്നെ ശ്രദ്ധേയമാകുന്നു.
‘ പക്ഷിസഹോദരങ്ങളെയാണ് ‘പറക്കുന്ന സൗന്ദര്യങ്ങള്‍ ‘ എന്ന ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തുന്നത് . പോലീസ് അക്കാദമിയില്‍ പക്ഷികള്‍ പരിശീലനത്തിനല്ലെങ്കില്‍ പോലും ഉണ്ട് എന്ന അദ്ഭുതം പോട്ടെ, ആ ഗഗനചാരികള്‍ ഒരേ തൂവല്‍പക്ഷികളല്ല എന്ന് കണ്ടെത്താനും അവരെ പറ്റി എഴുതാനും ഒരാളുണ്ടായി എന്നതാണ് അതിലും അതിശയം.’ എഴുത്തുകാരനായ സക്കറിയ ഈ പുസ്തകത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ്. പാലാ സ്വദേശികളായതിനാല്‍ പ്രകൃതിയില്‍ നിന്നുള്ള കൂട്ടു തേടല്‍ സ്വാഭാവികമെന്നും അദ്ദേഹം പറയുന്നു.
‘ ഡോ. സന്ധ്യ പോലീസ് അക്കാദമിയില്‍ ഡയറക്ടറായിരുന്നപ്പോള്‍ അതിന്റെ 348 ഏക്കര്‍ വളപ്പില്‍ പോലീസുകാര്‍ മാത്രമല്ല പക്ഷികളും സ്വച്ഛ ജീവിതം നയിക്കുന്നുണ്ട് എന്ന് കണ്ടെത്തി. കവയിത്രിയായ ഡോ. സന്ധ്യയുടെ കവിഹൃദയം അതിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നതില്‍ സംശയമില്ല. ഒപ്പം പ്രകൃതി നിരീക്ഷണപാടവവും. അതുമല്ല പാലാക്കാരിയായതുകൊണ്ടു പക്ഷിമൃഗാദികൂട്ടുകാര്‍ ധാരാളം ഉണ്ടായിരുന്നിരിക്കുമെന്നു തീര്‍ച്ച. എന്റെ ബാല്യകാലം എനിക്കോര്മയുണ്ട്’ സക്കറിയ പറയുന്നു.
കേരള യൂണിവേഴ്‌സിറ്റിയും ഐഎസ്ആര്‍ഒ യും പോലെ വിശാലമായ സ്വന്തം കാമ്പസുകള്‍ ഉള്ള, ഏതു സ്ഥാപനത്തിനും അവര്‍ക്കു ക്രിയാന്മകമായ ഒരു പരിസ്ഥിതി സമീപനം ഉണ്ടെങ്കില്‍ ഒരു മാതൃകയാണ് ഡോ . സന്ധ്യയുടെ ഈ സുന്ദരമായ കൈപ്പുസ്തകമെന്നും അദ്ദേഹം പറയുന്നു
തൊണ്ണൂറ്റിനാല് പക്ഷികളുടെ ലളിതമായ വസ്തുതാ വിശദീകരണങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. പോലീസ് ഫോട്ടോഗ്രാഫര്‍ വിനോദ് വി ജി എടുത്ത മനോഹരങ്ങളായ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. നല്ല ചിത്രങ്ങള്‍ ലഭിച്ച പക്ഷികളെ മാത്രമേ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ളു എന്ന് ഡോ. സന്ധ്യ പറയുന്നുണ്ട്. അതിനാല്‍ ചിത്രമെടുത്ത വിനോദും അഭിനന്ദനം അര്‍ഹിക്കുന്നു.
‘ ഒരു പക്ഷിയുടെ നല്ല ചിത്രം കിട്ടുന്നതും എല്ലാ ദിവസവും ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനം കിട്ടുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല.’ എന്നാണ് സക്കറിയയുടെ പ്രതികരണം. ഒപ്പം പുസ്തകത്തിലെ ഭാഗ്യവാന്മാരായ ചില പക്ഷികള്‍ വ്യക്തി രൂപം ആര്‍ജ്ജിക്കുന്നതും അതു സമൂഹത്തിലൊരാളായി മാറുന്നതും എഴുത്തുകാരി കാട്ടിത്തരുന്നു.
‘ അക്കാദമിവളപ്പില്‍ എവിടെയാണ് ഒരു പക്ഷി സാധാരണ ഉണ്ടാവുക എന്ന് പറഞ്ഞിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതോടെ ആ പക്ഷി നമ്മെയൊക്കെപ്പോലെ അത്യാവശ്യം മേല്‍വിലാസമുള്ള ഒരു പൗരവ്യക്തിയായിത്തീരുന്നു ഉദാ : മയില്‍: മോഡല്‍ പോലീസ് സ്റ്റേഷന് സമീപം. സക്കറിയ പറയുന്നു.
ഇത് പക്ഷിനിരീക്ഷകര്‍ക്കു വേണ്ടി മാത്രമുള്ള പുസ്തകമല്ല എല്ലാ നല്ല വായനക്കാരുടെയും കൈകളില്‍ എത്തേണ്ട പ്രകൃതിഗ്രന്ഥമാണെന്നും സക്കറിയ അഭിപ്രായപ്പെടുന്നു. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടാണ് പുസ്തകത്തിന്റെ പ്രസാധകര്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker