BREAKINGNATIONAL

ഡെലിവറി ബോയിക്ക് ഹിന്ദി മാത്രമേ അറിയൂ, കന്നഡ അറിയില്ല; പോസ്റ്റുമായി യുവതി, വിമര്‍ശനവുമായി നെറ്റിസണ്‍സ്

ഒരു സ്വിഗി ഡെലിവറി ബോയ്‌ക്കെതിരെ ഒരു യുവതി നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ ഇതേ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ബെം?ഗളൂരുവില്‍ നിന്നുള്ള യുവതിയുടെ പരാതി അവിടെ ആവശ്യത്തിന് കന്നഡ സംസാരിക്കുന്ന ഡെലിവറി ഏജന്റുമാരില്ല എന്നതാണ്.
എക്‌സിലാണ് (ട്വിറ്റര്‍) യുവതി തന്റെ പരാതി പറഞ്ഞത്. തന്റെ പോസ്റ്റില്‍, സ്ത്രീ തന്റെ സ്വിഗ്ഗി ഓര്‍ഡറിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘ബെംഗളൂരു കര്‍ണാടകയിലാണോ അതോ പാകിസ്ഥാനിലാണോ @swiggy? നിങ്ങളുടെ ഡെലിവറിക്കാരന് കന്നഡയും ഇംഗ്ലീഷും പോലും സംസാരിക്കാനറിയില്ല, മനസിലാവുകയുമില്ല.’ ഞങ്ങളുടെ നാട്ടില്‍ അവന്റെ സംസ്ഥാനത്തിലെ ഭാഷയായ ഹിന്ദി പഠിക്കണോ എന്നതാണ് യുവതിയുടെ ചോദ്യം.
വളരെ പെട്ടെന്നാണ് യുവതിയുടെ പോസ്റ്റ് വൈറലായി മാറിയത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരെത്തിയതോടെ ചൂടേറിയ സംവാദത്തിന് തന്നെ അത് കാരണമായി മാറുകയായിരുന്നു. സമയത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ഡെലിവറി ഏജന്റിന്റെ ഭാഷ ഏതായാലും എന്താണ് പ്രശ്‌നം എന്നായിരുന്നു ഒരാളുടെ ചോദ്യം. മറ്റൊരാള്‍ ചോദിച്ചത്, നിങ്ങള്‍ ഭക്ഷണം കഴിച്ച് കഴിയുന്നത് വരെ ഡെലിവറി ഏജന്റ് അവിടെയിരുന്ന് സംസാരിക്കാന്‍ പോവുകയാണോ എന്നാണ്.
എന്തിനാണ് നിങ്ങള്‍ ഡെലിവറി ഏജന്റിനോട് സംസാരിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇന്ത്യയില്‍ ഓരോ 50 കിലോമീറ്റര്‍ കഴിയുമ്പോഴും ഭാഷ മാറുന്ന അവസ്ഥയാണ്. വൈവിധ്യങ്ങളുടെ രാജ്യം കൂടിയാണ് ഇന്ത്യ. അവിടെ ഭാഷ അറിയാത്തത് ഒരു പ്രശ്‌നമാക്കണ്ട എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.
എന്തായാലും, രേഖ എന്ന യുവതിയുടെ പോസ്റ്റ് ഭാഷയെ സംബന്ധിച്ച് കുറേനാളുകളായി കര്‍ണാടകയില്‍ നിന്നു വരുന്ന ചര്‍ച്ചകളെ ഒന്നുകൂടി ആളിക്കത്തിച്ചിട്ടുണ്ട്.

Related Articles

Back to top button