കൊവിഡ് ഡെൽറ്റാ വകഭേദ വ്യാപനം പടർന്ന് പിടിച്ചതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആസ്ട്രേലിയയിലെ സിഡ്നി നഗരം. പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നഗരത്തിൽ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. കൊവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപന സാധ്യത മുന്നറിയിപ്പും ജാഗ്രതാ നിർദേശങ്ങളും അധികൃതർ നൽകി.
ആവശ്യങ്ങൾക്കല്ലാതെ ആരും തന്നെ വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിർദേശം. അമ്പത് ലക്ഷം ജനങ്ങൾ വസിക്കുന്ന സിഡ്നിയിൽ 24 മണിക്കൂറിനിടെ 44 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
മൂന്ന് ആഴ്ചയായി സിഡ്നിയിൽ ലോക്ഡൗൺ തുടരുകയാണ്. വാക്സിൻ സ്വീകരിക്കാത്ത ഒരു വിഭാഗം ആളുകളിൽ കൊവിഡ് വ്യാപിച്ചതോടെയാണ് ലോക്ഡൌൺ കടുപ്പിക്കാനുള്ള തീരുമാനം എടുത്തത്. ജൂൺ മധ്യത്തിൽ 439 പുതിയ കേസുകളാണ് സിഡ്നിയിൽ സ്ഥിരീകരിച്ചത്. തുടർന്നാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.