ldആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ കുടുംബം സമരത്തിനൊരുങ്ങുന്നു. ഇനിയും ആരോഗ്യമന്ത്രിയും ഡി.എം.ഒ.യും ഇടപെട്ടില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കുട്ടിയുടെ പിതാവ് അനീഷ് മാതൃഭൂമിയോട് പറഞ്ഞു. ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന നടപടിയാണ് നിലവിലുള്ളതെന്നും ആശുപത്രിയുടെ വാതില്‍ക്കല്‍ പോയി അവിടുന്ന് നീതി നേടുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് ലാബുകാരെ പൂട്ടിയതു മാത്രമാണ് ഉണ്ടായ നടപടി. ലാബിലെ സ്‌കാനിങ് സെന്ററുകള്‍ മാത്രമാണ് നിലവില്‍ പൂട്ടിയിട്ടുള്ളത്. അതും റെക്കോഡ് സൂക്ഷിക്കാതിരുന്നതിന്റെ പേരിലാണ്. ആരോഗ്യമന്ത്രി ആലപ്പുഴവരെ വന്നിട്ടും ഒന്നു തിരഞ്ഞുനോക്കിയില്ല. ഡോക്ടര്‍മാരുടെ സംഘടന വളരെ വലുതാണ്. അവരെ സംരക്ഷിക്കുക എന്നതാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്.- അനീഷ് പറഞ്ഞു.
ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഇനിയൊരു അനാസ്ഥയുണ്ടാകരുതെന്നും അവസാനത്തേത് ഇതായിരിക്കണമെന്നും അനീഷ് പറഞ്ഞു. നിലവില്‍ കുഞ്ഞിന്റെ തലച്ചോറിനും ഹൃദയത്തിനും പ്രശ്‌നമുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും അനീഷ് പറഞ്ഞു. ആലപ്പുഴയിലെ ജില്ലാപോലീസ് മേധാവിയുടെ ഇടപെടല്‍ കൊണ്ടാണ് ഇത്രയെങ്കിലുമായത്. തന്റെയോ കുടുംബത്തിന്റെയോ മാനസികാവസ്ഥ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കുനടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിരുന്നു. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് പിറക്കാനിടയായ സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
അമ്മയ്ക്കുനടത്തിയ അനോമലി സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരെ താക്കീത് ചെയ്യേണ്ടതുണ്ട്. ചെറിയ ചില വൈകല്യങ്ങള്‍ സ്‌കാനിങ്ങില്‍ നിര്‍ണയിക്കാനാവണമെന്നില്ല. അതേസമയം നട്ടെല്ല്, കൈകാലുകള്‍ തുടങ്ങിയവയുടെ പ്രശ്നങ്ങള്‍ സ്‌കാനിങ്ങില്‍ നിര്‍ണയിക്കാനാകും. ഫ്ളൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുഞ്ഞിന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പുറത്തെ സ്‌കാനിങ് സെന്ററുകളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. സ്‌കാനിങ് സെന്ററില്‍ രോഗികളുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നും വൈകല്യം ദ്യശ്യമാവുന്നവരില്‍ കൂടുതല്‍ സമയമെടുത്ത് പരിശോധിച്ചിട്ടില്ലെന്നും നേരത്തേ കണ്ടെത്തിയിരുന്നു.
ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യമുണ്ട്. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും, തുടങ്ങി ഒട്ടേറെ വൈകല്യങ്ങളാണ് കുഞ്ഞിനുള്ളത്.
78 1 minute read