LATESTHEALTHNATIONAL

ഡോക്ടര്‍മാര്‍ക്കായി ഒരുദിനം, ആ ദിനം ഇന്നാണ്

ജൂലൈ 1… ദേശീയ ഡോക്ടേഴ്‌സ് ദിനം… 1991 മുതലാണ് ഡോക്ടേഴ്‌സ് ദിനം ആചരിച്ച് വരുന്നത്. കൊറോണ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ചും കുടുംബത്തെ അകറ്റി നിര്‍ത്തിയും നിസ്വാര്‍ത്ഥം പ്രവര്‍ത്തിച്ച ഒട്ടേറെ ഡോക്ടര്‍മാരെ നമുക്കറിയാം. അവരെ ഓരോരുത്തരേയും ആദരിക്കാന്‍ കൂടിയുള്ള ദിനമാണ് ഇന്ന്. ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഡോ. ബി.സി റോയിയുടെ സ്മരണാര്‍ത്ഥമാണ് എല്ലാവര്‍ഷവും ജൂലൈ ഒന്നിന് രാജ്യത്ത് ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നത്. Family Doctors on the Front Line എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിലെ പ്രമേയം.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഡോക്ടര്‍മാരുടെയും എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്ക് ഓരോരുത്തരും അനുഭവിച്ചറിഞ്ഞു. മാരകമായ വൈറസില്‍ നിന്ന് ഓരോ ജീവനും രക്ഷിക്കാന്‍ ഡോക്ടര്‍മാരെടുത്ത പങ്ക് ചെറുതല്ല. അതിനാല്‍ തന്നെ മനുഷ്യരാശിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് അവരെ അഭിനന്ദിക്കാനും നന്ദി പറയാനും ഈ ദേശീയ ഡോക്ടര്‍ ദിനം ഉപയോഗിക്കാം.

ചരിത്രം
പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദന്‍ ചന്ദ്ര റോയിയുടെ ഓര്‍മ്മയ്ക്കായാണ് ജൂലൈ 1 ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്. 1991 ല്‍ കേന്ദ്രസര്‍ക്കാര്‍ ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. 1882 ജൂലൈ ഒന്നിനാണ് ബിദന്‍ ചന്ദ്ര റോയി ജനിക്കുന്നത്. അദ്ദേഹം മരിക്കുന്നത് 1962 ജൂലൈ ഒന്നിനുമാണ്.
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം 1961 ല്‍ അദ്ദേഹത്തിന് നല്‍കി ആദരിച്ചു. പ്രശസ്തനായ ഒരു സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു ബിസി റോയി. 1948 മുതല്‍ അദ്ദേഹം മരിക്കുന്നത് വരെ 14 വര്‍ഷം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സ്വന്തം ജീവന്‍ പോലും അവഗണിച്ച് രോഗികളെ നോക്കുന്നതില്‍ ഉത്തമ ഉദാഹരണമായിരുന്നു ഡോ. റോയി.

ഡോക്ടേഴ്‌സ് ഡേയുടെ പ്രാധാന്യം
ഓരോ ജീവന്റേയും ക്ഷേമം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ രാവും പകലും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. അതിനാല്‍ തന്നെ ഡോക്ടര്‍മാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ആദരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഡോക്ടറുടെ പ്രവൃത്തിയെ അംഗീകരിക്കാനും അവരോട് ശരിയായി നന്ദി പറയാനും ഉപയോഗിക്കേണ്ട ദിവസം കൂടിയാണിന്ന്. അതേസമയം, വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത തീയതികളിലാണ് ഡോക്ടഴ്‌സ് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ദിനം ജൂലൈ 1 ന് ആഘോഷിക്കുന്നു, അമേരിക്കയില്‍ മാര്‍ച്ച് 30നാണ് ഡോക്ടേഴ്‌സ് ദിനം. ക്യൂബയില്‍ ഡോക്ടര്‍മാരെ ആദരിക്കുന്നത് ഡിസംബര്‍ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്‌സ് ദിനം. ആദ്യമായി ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത് 1993ല്‍ അമേരിക്കയിലെ ജോര്‍ജിയയിലാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker