ഭോപ്പാല്‍: മധ്യപ്രദേശില്‍ വീണ്ടും ചികിത്സ കിട്ടാതെയുള്ള മരണം. അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയാണ് ആശുപത്രിക്ക് മുന്നില്‍ ചികിത്സ കിട്ടാതെ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ഋഷി എന്ന അഞ്ച് വയസുകാരനാണ് ചികിത്സ കിട്ടാതെ മരിച്ചത്.
അസുഖബാധിതനായ ഋഷിയെ മാതാപിതാക്കള്‍ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ നിസ്സഹായാരായ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ മാതാവിന്റെ കൈയില്‍ കിടന്ന് കുഞ്ഞ് മരിച്ചു.
കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഭാര്യ വ്രതത്തിലായിരുന്നതിനാലാണ് ആശുപത്രിയില്‍ എത്താന്‍ താമസിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍ നല്കിയ വിശദീകരണമത്രേ.