WEB MAGAZINEARTICLES

ഡോ: അംബേദ്കറുടെ കേരള സന്ദര്‍ശനത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കപ്പെടണം

ധുനിക ഇന്ത്യക്ക് സ്വന്തം ജീവിതം കൊണ്ട് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ നേതാവാണ് ഡോ: അംബേദ്കര്‍. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ അംബവാഡെ എന്ന സ്ഥലത്ത് 1891 ഏപ്രില്‍ 14 ന് ജനിച്ച അംബേദ്കര്‍ 1956 ഡിസംബര്‍ 6 നാണ് മഹാപരിനിര്‍വ്വാണം പ്രാപിക്കുന്നത്. 191920 കാലഘട്ടങ്ങളില്‍ ‘മൂകനായക് ‘ എന്ന ഒരു പത്രവുമായി ശബ്ദമില്ലാത്തവരുടെ ശബ്ദമായി രംഗത്തു വന്ന അംബേദ്കര്‍ 1927 ല്‍ ചരിത്രപ്രസിദ്ധമായ മഹദ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയും ഇടര്‍ന്ന് ഇതേവര്‍ഷം തന്നെ ഡിസംബര്‍ 25 ന് ജാതി വ്യവസ്ഥിതിയുടെ ഭരണഘടനയായ മനസ്മൃതിപരസ്യമായി കത്തിക്കുകയും ചെയ്തു. 1928 ല്‍ ബഹിഷ്‌കൃത ഹിതകാരിണി സഭ എന്ന തന്റെ ആദ്യത്തെ പ്രക്ഷോഭ സംഘടന സ്ഥാപിച്ചുകൊണ്ട് തന്റെ പ്രക്ഷോഭങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരുന്നു. 1936ല്‍ ഇന്‍ഡിപ്പെന്‍ റ ന്റ് ലേബര്‍ പാര്‍ട്ടി, 1942ല്‍ അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷന്‍ എന്നിവ സ്ഥാപിച്ചുകൊണ്ട് തന്റെ സാമൂഹ്യ രാഷ്ട്രീയ പോരാട്ടങ്ങള്‍ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. ജനങ്ങളെ സാമൂഹ്യ മായി വേര്‍തിരിച്ച് നിര്‍ത്തുന്ന ജാതി വ്യവസ്ഥിതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുകയും അസമത്വത്തിന്റെ പ്രത്യയശാസ്ത്രമായ ബ്രാഹ്‌മണിസത്തിനെ തിരെ പോരാടുവാന്‍ മൂര്‍ച്ചയേറിയ നിരവധി പഠനങ്ങള്‍, ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി വെക്കുകയും ചെയ്തു. ഇതെല്ലാം ഇന്ന് അംബേദ്കറിസം എന്ന പ്രത്യയശാസത്രത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നു. ഗാന്ധിയോടും കമ്മ്യൂണിസ്റ്റുകളോടും ജാതിഹിന്ദുക്കളോടും ഒരുപോലെ കലഹിച്ച അംബേദ്കര്‍ ജനാധിപത്യത്തിന്റെ വലിയ ആരാധകനായിരുന്നു. ജനാധിപത്യത്തെ താങ്ങി നിര്‍ത്തിയിരിക്കുന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നു തൂണുകളാണെന്ന് പറയുന്ന അംബേദ്കര്‍ , ഇതില്‍ ഏതെങ്കിലുമൊരു തൂണിന് ബലക്ഷയം സംഭവിച്ചാല്‍ ജനാധിപത്യം നിലനില്‍ക്കുകയില്ല എന്നും പറയുന്നു. തന്റെ ജനാധിപത്യത്തിന് സ്വതന്ത്രമായ നിര്‍വ്വചനം നല്‍കിയ അംബേദ്കര്‍ ,ഇന്നു കാണുന്ന പാശ്ചാത്യ ജനാധിപത്യത്തില്‍ നിന്നല്ല, ഞാന്‍ ജനാധിപത്യത്തിന്റെ വേരുകള്‍ കണ്ടെടുത്തതെന്നും മറിച്ച് ഇന്ത്യയിലെ പ്രാചീന ബൗദ്ധ സംഘങ്ങളില്‍ നിന്നാണെന്നും വ്യക്തമാക്കുന്നു. ഇന്ത്യയിലെ വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട അയിത്തക്കാരാക്കപ്പെട്ട ആദിമനിവാസികള്‍ക്കുവേണ്ടി 193032 കാലഘട്ടങ്ങളില്‍ ലണ്ടനില്‍ വെച്ചു നടന്ന വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്തു കൊണ്ട് വോട്ടവകാശത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യയിലെ അയിത്തക്കാരുടെ പോരാട്ടങ്ങള്‍ക്ക് ഒരു അന്തര്‍ദേശീയ മാനം നല്‍കി. അംബേദ്കര്‍ മുന്നോട്ടുവെച്ച തന്റെ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങള്‍, രാഷ്ട്രീയാധികാരം പിടിച്ചെടുത്തു കൊണ്ടുള്ള സാമൂഹികസാമ്പത്തിക പരിവര്‍ത്തനം, ഭൂമിയും വ്യവസായവും കൃഷിയും ദേശസാല്‍ക്കരിക്കുന്നസ്റ്റേറ്റ് സോഷ്യലിസം, ജാതിരഹിത സമത്വ സമൂഹം, മതപരിവര്‍ത്തനവിച്ച വം അഥവാ ബുദ്ധ ധമ്മസ്വീകരണം എന്നിവയാണ്. ഇതെല്ലാം അംബേദ്കറി സ ത്തിന്റെ അടിസ്ഥാന ശിലകളാണ്. ഇന്ന് ആധുനിക ഇന്ത്യയില്‍ പൗരത്വ പ്രക്ഷോഭങ്ങളടക്കമുള്ള നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളില്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഐക്കണായി ഉയര്‍ന്നു നില്‍ക്കുന്നത് അംബേദ്കറാണ് എന്നതില്‍ നിന്നും അംബേദ്കര്‍ ചിന്തകള്‍ക്ക് എന്നത്തേതിനെയും കാള്‍ പ്രാധാന്യവും പ്രസക്തിയും കൈവന്നിരിക്കുന്നു എന്നിടത്തു നിന്നുമാണ് നാം അംബേദ്കറുടെ കേരള സന്ദര്‍ശനത്തെ ചര്‍ച്ചാ വിധേയമാക്കുന്നത്.
ഡോ :ബാബാസാഹെബ് അംബേദ്കറുടെ കേരള സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ എല്ലാ ചരിത്രരേഖകളുമടക്കം പുറത്തു കൊണ്ടുവന്നത് കേരളത്തിലെ അറിയപ്പെടുന്ന അവര്‍ണ്ണ പക്ഷ എഴുത്തുകാരനും ചരിത്രകാരനുമായ ചെറായി രാംദാസാണ്.2008 ഏപ്രില്‍ 13 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അംബേദ്കര്‍ കേരളത്തില്‍ വന്നപ്പോള്‍ ‘ ദലിത് കോളണികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അംബേദ്കറെ ആരാണ് തടഞ്ഞത് ?’ എന്ന പേരില്‍ കവര്‍ സ്റ്റോറിയായി വിശദമായ ഒരു ലേഖനം അദ്ദേഹം എഴുതിയിരുന്നു.പ്രസ്തുത പഠന / ലേഖനത്തില്‍ അംബേദ്കര്‍ ദലിത് ആവാസ മേഖലകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വളരെ ആസൂത്രിതമായി അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതിന്റെ ചരിത്രം തെളിവുകള്‍ നിരത്തി അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഭരണഘടന അംഗീകരിച്ച് 5 മാസം കഴിയുന്നതിനു മുമ്പാണ് ഡോ: അംബേദ്കര്‍ കേന്ദ്ര നിയമവകുപ്പു മന്ത്രി എന്ന നിലയില്‍ കേരളത്തിലെത്തുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള ഹിന്ദു കോഡ് ബില്ലിനു വേണ്ട വിവരങ്ങള്‍ ശേഖരിക്കുവാനായിട്ടാണ് അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. പ്രമുഖരുമായുള്ള ചര്‍ച്ചകള്‍ക്കായി പല സ്ഥലങ്ങളും സ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1950 ജൂണ്‍ 8 മുതല്‍ 11 വരെ സര്‍ക്കാരിന്റെ അതിഥിയായാണ് അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്.തിരുകൊച്ചി നിയമസഭയുടെ സമ്മേളന ഹാളില്‍ പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു.

ചരിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം

കേന്ദ്ര നിയമവകുപ്പു മന്ത്രി എന്ന നിലയില്‍ സര്‍ക്കാറിന്റെ അതിഥിയായി നാലുദിവസം അദ്ദേഹം തിരുവനന്തപുരത്ത് താമസിച്ചിട്ടും നിയമസഭാ ഹാളില്‍ പ്രസംഗിച്ചിട്ടും കേരള നിയമസഭാ സെക്രട്ടേറിയറ്റ് നടത്തിയ സുവര്‍ണ്ണ ജൂബിലി പ്രദര്‍ശനത്തില്‍ ആ ചരിത്ര സംഭവത്തിന്റെ സൂചന പോലുമുണ്ടായില്ല.എന്നാല്‍ അതിനും 5 മാസം മുമ്പ് 1950 ജനുവരി 13ന് പാര്‍ലമെന്റ് സ്പീക്കര്‍ ജി.വി.മാവ്‌ലങ്കര്‍ തിരുവനന്തപുരം സന്ദര്‍ശിച്ചതിന്റെ ഫോട്ടോ പ്രദര്‍ശനത്തിലുണ്ടായിരുന്നുവെന്ന് ചെറായി രാംദാസ് ചൂണ്ടിക്കാട്ടുന്നു. കേരള നിയമസഭാ മുറ്റത്ത് അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചപ്പോള്‍ പോലും അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം മൂടി വെക്കപ്പെടുകയാണുണ്ടായത്. നിയമസഭാ ജന്മശതാബ്ദിയുടെ തലേ വര്‍ഷം നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ‘100 Years of Legislative Bodies in Kerala ‘ എന്ന ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോഴും അംബേദ്കറുടെ കേരള സന്ദര്‍ശനം മൂടിവെക്കപ്പെടുകയാണുണ്ടായത്.

അംബേദ്കറെ ദലിത് കോളനികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്ത്രപരമായി വിലക്കി

തിരുവനന്തപുരത്ത് സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ ഡോ: അംബേദ്കറുടെ തിരുകൊച്ചി സന്ദര്‍ശനത്തിന്റെ ഔദ്യോഗിക രേഖകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് വിശകലനം ചെയ്താല്‍ ദലിത് കോളണികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും അംബേദ്കറെ വിലക്കിയ ‘ജാതി ഭൂതങ്ങള്‍ ‘ കുടത്തിന് പുറത്തുവരും. അന്നത്തെ പിന്നോക്ക സമുദായ ഉന്നമന കമ്മീഷണര്‍ കെ.ആര്‍.വിശ്വംഭരന്‍ വകുപ്പ് സെക്രട്ടറി വി.കെ.വേലായുധന് ഒരു കത്ത് എഴുതി നല്‍കുകയുണ്ടായി.പ്രസ്തുത കത്തില്‍ ഡോ: അംബേദ്കര്‍ക്ക് ‘ ചില ‘ഹരിജന്‍’ കോളണികള്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുവാദം തരണം’ എന്നായിരുന്നു എഴുതിയിരുന്നത്.ഈ കത്തിന് ചീഫ് സെക്രട്ടറിയുടെ മറുപടിയില്‍ ‘ ഡോ: അംബേദ്കര്‍ തിരുവനന്തപുരം ചുറ്റി സഞ്ചരിക്കുന്നതില്‍ വല്ല ഗുണവും സെക്രട്ടറി കാണുന്നുണ്ടോ ‘ എന്നും പട്ടിക വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന കോളണി കോട്ടയത്തെ സചിവോത്തമപുരം കോളണിയാണെന്നും എന്നാല്‍ അദ്ദേഹത്തിന് കോട്ടയത്ത് ഔദ്യോഗിക പരിപാടികളൊന്നുമില്ലാത്തതിനാല്‍ കോളണി മാത്രം സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കേണ്ടതില്ല എന്ന് പറയുകയും ചെയ്യുന്നു .

കന്യാകുമാരിയില്‍ കൊണ്ടുപോകുന്നു വെങ്ങാനൂര്‍ മൂടിവെക്കുന്നു

എന്നാല്‍ ഔദ്യോഗിക പരിപാടിയില്ല എന്ന കാരണം പറഞ്ഞ് കോട്ടയം സചിവോത്തമപുരം കോളണി അടക്കമുള്ള ദലിത് ആവാസ മേഖലകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും അംബേദ്കര്‍ക്ക് തന്ത്രപരമായി വിലക്കേര്‍പ്പെടുത്തിയ ദുഷ്ടശക്തികള്‍, തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കുള്ള ദൂരത്തേക്കാള്‍ ഇരട്ടിയോളം ദൂരമുള്ള (103 Km) കന്യാകുമാരിയില്‍ അംബേദ്കറെകൊണ്ടുപോയി സമയം കൊല്ലിച്ചത് എന്തിനായിരുന്നു എന്നത് ചിന്തനീയമാണ്. തിരുവനന്തപുരത്തു നിന്നും വെറും 15 കി.മീറ്റര്‍ മാത്രം ദൂരമുള്ള വെങ്ങാനൂര്‍ പോലും സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി എന്നതുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഈ വിലക്കുകള്‍ക്കു പിന്നിലെ ഗൂഢോദ്ദേശ്യം വ്യക്തമാവും.

അംബേദ്കറുടെ താമസസ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മുറുമുറുപ്പ്

കേന്ദ്ര മന്ത്രിയായ അംബേദ്കറുടെ സന്ദര്‍ശനത്തില്‍ ഗസറ്റ് സൂപ്രണ്ട് CSG ക്കെഴുതിയ കത്തില്‍ ചോദിക്കുന്നത് താമസ ഘട്ടത്തില്‍ ഗസ്റ്റ് ഹൗസിലും കന്യാകുമാരിയിലും റേഡിയോ ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്ക് 24 മണിക്കൂര്‍ ഡ്യൂട്ടി നല്‍കണമോ?/ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കണമോ? എന്നീ ചോദ്യങ്ങള്‍ക്ക് ഇതൊന്നും ‘വേണ്ട’ എന്ന മറുപടിയാണ് നല്‍കുന്നത്. ലിഫ്റ്റ് ഓപ്പറേറ്റര്‍ക്ക് ‘പകല്‍ മാത്രം ഡ്യൂട്ടി നല്‍കിയാല്‍ മതി’ എന്നും മറുപടി നല്‍കുന്നു. ഗസ്റ്റ് സൂപ്രണ്ട് ചോദിച്ചിട്ടില്ല എങ്കിലും ‘ മന്ത്രിക്ക് (ഡോ :അംബേദ്കര്‍ക്ക്) ഹരിജന്‍ കോളണികള്‍ സന്ദര്‍ശിക്കാന്‍ ഏര്‍പ്പാട് ചെയ്യണ്ട ‘ എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നിന്നും കാര്യങ്ങള്‍ വളരെ വ്യക്തമാണല്ലോ. അംബേദ്കറെ എക്കാലവും വിടാതെ പിടികൂടിയിരുന്ന / എന്നും വഴിമുടക്കിയായി മുന്നില്‍ ചാടി വീണു കൊണ്ടിരുന്ന ‘ജാതിപ്പിശാച് ‘ എന്നും എവിടെയും അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.

ബാബാസാഹെബിന്റെ തിരക്കു പിടിച്ച യാത്രകള്‍ പഠനങ്ങള്‍ പദ്ധതികള്‍

ജാതി വ്യവസ്ഥിതിയില്‍ നിന്നും രക്ഷ നേടുവാന്‍ അംബേദ്കര്‍ മുന്നോട്ടു വെക്കുന്ന പദ്ദതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മതപരിവര്‍ത്തന വിപ്ലവം. ബുദ്ധമത സ്വീകരണത്തോടടുത്ത ഘട്ടത്തിലാണ് അംബേദ്കര്‍ തിരുവനന്തപുരം സന്ദര്‍ശിക്കുന്നത്. 1950 മെയ് 25 ന് വിമാന മാര്‍ഗ്ഗം കൊളംബോയിലെത്തിയ അദ്ദേഹം ശ്രീലങ്കയിലെ അധസ്ഥിത ജനതയോട് ബുദ്ധമതം സ്വീകരിക്കുവാന്‍ ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്നെ സാന്നിധ്യത്തിലും പ്രസംഗത്തിലും ആവേശഭരിതരായ 450 ഓളം ദലിതര്‍ അപ്പോള്‍ അവിടെ വെച്ചു തന്നെ ബുദ്ധിസം സ്വീകരിക്കുകയുണ്ടായി. ബൗദ്ധ ആചാരങ്ങള്‍/ അനുഷ്ഠാനങ്ങള്‍ എന്നിവ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഒക്കെ വേണ്ടി ക്കൂടിയാണ് അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിച്ചത്.
അവിടെ നിന്നുമുള്ള മടക്കയാത്രയിലാണ് അദ്ദേഹം തിരുവനന്തപുരവും മദ്രാസും ഒക്കെ സന്ദര്‍ശിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലെ ക്ഷേത്രങ്ങള്‍ ചുറ്റിനടന്ന് കണ്ട്, ക്ഷേത്രങ്ങളും ബ്രാഹ്‌മണ പൂജാരിമാരെയും സൂക്ഷ്മനിരീക്ഷണം നടത്തിയ അദ്ദേഹം ‘സമ്പത്തും ഭക്ഷണ പദാര്‍ത്ഥങ്ങളും എന്തുമാത്രം ദൂര്‍ത്തടിക്കുന്നു’ എന്ന് വിലപിക്കുകയുണ്ടായി. അന്ന് A/ B/ C നിലവറകള്‍ അദ്ദേഹം കണ്ടിരിക്കാന്‍ സാധ്യതയില്ല.
ബാബാ സാഹെബിന്റെ കേരള സന്ദര്‍ശനത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് അതുസംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍, പഠനങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയിലൂടെ മുന്നോട്ടുവന്ന് ഈ 70ാം വാര്‍ഷികം ഒരു ചരിത്ര സംഭവമാക്കി മാറ്റുവാന്‍ കേരളത്തിലെ അംബേദ്കറൈറ്റുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഏതായാലും ഇന്ന് മനോരമ ദിനപത്രത്തില്‍ ഒരു ചെറിയ ബോക്‌സ് ന്യൂസ് ആയിട്ടാണെങ്കിലും മൂടിവെക്കപ്പെട്ടതെല്ലാം പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഈ ചരിത്ര സംഭവം വെളിച്ചത്തു വന്നതില്‍ മലയാളികള്‍ ശ്രീ: ചെറായി രാംദാസിനോട് കടപ്പെട്ടിരിക്കുന്നു. വളരെ നല്ല നിലയില്‍ വ്യക്തമായ തെളിവുകള്‍ സഹിതമാണ് 1 ഇതുസംബന്ധിച്ച പഠനം അദ്ദേഹം തയ്യാറാക്കിയിട്ടുള്ളത്. എന്റെ ഈ കുറിപ്പിനും ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

 

രമേഷ് നന്മണ്ട

Related Articles

Back to top button