ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷനില്‍ അംഗത്വം

0
1
ദോഹ. ഗ്രന്ഥകാരന്‍, അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ.അമാനുല്ല വടക്കാങ്ങരക്ക് ബെയ്‌റൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷനില്‍ അംഗത്വം ലഭിച്ചു. അറബി ഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ പരിഗണിച്ചാണ് ഡോ. അമാനുല്ലയെ ഫെഡറേഷനിലേക്ക്് നോമിനേറ്റ് ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍, ഗവേഷകര്‍, അധ്യാപകര്‍, ഗ്രന്ഥകാരന്മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, അറബി ഭാഷയില്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയവരുടെ ഒരു സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷന്‍. അറബി ഭാഷയ്ക്കുള്ള ഇന്റര്‍നാഷണല്‍ കൗണ്‍സിലിന്റെ പൊതുസഭയില്‍ അംഗമായ ഇന്റനാഷണല്‍ ഫെഡറേഷനില്‍ ഖത്തറില്‍ നിന്നും അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. അമാനുല്ല വടക്കാങ്ങര
അറബി ഭാഷയുമായി ബന്ധപ്പെട്ട് നാല്‍പതോളം ഗന്ഥങ്ങളുടെ കര്‍ത്താവായ ഡോ. അമാനുല്ല വടക്കാങ്ങര ദീര്‍ഘകാലം ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ അറബിക് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവിയായിരുന്നു. സ്്‌പോക്കണ്‍ അറബികുമായി ബന്ധപ്പെട്ട് ഒരു ഡസനോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹം വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറബി ഭാഷ ലളിതമാക്കുന്നതിനുള്ള വിവിധ പരിപാടികളിലൂടെ ശ്രദ്ധേയനാണ്. ഗള്‍ഫിലും ഇന്ത്യയിലും നിരവധി സ്‌ക്കൂളുകളില്‍ അറബി രണ്ടാം ഭാഷയായി അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പഠിപ്പിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ അറബി സാഹിത്യ ചരിത്രം ബിരുദ ബിരുദാനന്തര തലങ്ങളില്‍ അറബി പഠിക്കുന്നവര്‍ക്കുള്ള റഫറന്‍സ് ഗ്രന്ഥമാണ്.
ഫാറൂഖ് കോളേജ്് അറബി വകുപ്പിന്റെ അക്കാദമിക് കൗണ്‍സില്‍ അംഗമായ ഡോ. അമാനുല്ല വടക്കാങ്ങര കഴിഞ്ഞ 26 വര്‍ഷത്തോളമായി ഖത്തറിലാണ് ജോലി ചെയ്യുന്നത്.
അറബി ഭാഷ പ്രോല്‍സാഹിപ്പിക്കുക, അധ്യാപകരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനാവശ്യമായ പരിശീലന പരിപാടികളും മല്‍സരങ്ങളും സംഘടിപ്പിക്കുക, ദേശീയവും അന്തര്‍ദേശീവുമായ തലങ്ങളില്‍ അറബി ഭാഷ സെമിനാറുകളും പരിപാടികളും സംഘടുപ്പിക്കുക, ശ്രദ്ധേയമായ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുള്ള അറബി ഫെഡറേഷനില്‍ അറബി ഭാഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആര്‍ക്കും അംഗമാകാമെന്നും അറബി അധ്യാപകരും ഗവേഷകരുമൊക്കെ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. അംഗത്വത്തിന് യോഗ്യരായവരെ സംഘടനകള്‍ക്കോ പ്രസാധകര്‍ക്കോ നാമനിര്‍ദ്ദേശം ചെയ്യുകയോ വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്.
ഓണ്‍ ലൈന്‍ വഴി സൗജന്യ അംഗത്വം നേടുന്നതിന് https://alarabiahunion.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.