തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്.വല്യത്താന്‍ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചുകാരനാണ്. മണിപ്പാലിലായിരുന്നു അന്ത്യം.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനം യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളില്‍. എഫ്ആര്‍സിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിമര്‍) കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടിയപ്പോഴും പഠനം ഉപേക്ഷിച്ചില്ല. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോണ്‍ ഹോപ്കിന്‍സ് അടക്കമുള്ള ഉന്നത വിദേശ സര്‍വകലാശാലകളിലേക്ക് തിരികെപ്പോയി.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികള്‍ക്കു കൂടുതല്‍ പരിചയം. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാഴ്ചപ്പാട് തന്നെ അദ്ദേഹം മാറ്റിയെടുത്തു. മെഡിക്കല്‍ സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. വിദേശത്തുനിന്നു വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ ആദ്യമായി കുറഞ്ഞ വിലയ്ക്കു വാല്‍വ് ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശ്രമങ്ങളുടെ മാറ്റ് വളരെക്കൂടുതലാണ്. രക്തബാഗുകള്‍ നിര്‍മിച്ചു വ്യാപകമാക്കിയതു മറ്റൊരു ഉദാഹരണം.
ശ്രീചിത്ര വിട്ട് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വൈസ് ചാന്‍സലറായ ഡോ. വല്യത്താന്‍ പിന്നീട് ആ വഴിയില്‍നിന്ന് ആയുര്‍വേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതി ഡോക്ടര്‍മാരും ആയുര്‍വേദക്കാരും തമ്മില്‍ പലപ്പോഴും അഭിപ്രായഭിന്നതകള്‍ ഉണ്ടാകാറുള്ളപ്പോള്‍ രണ്ടിലും അതിന്റേതായ ഗുണങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിച്ചു. ആയുര്‍വേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. കോഴിക്കോട്ട് കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് തുടങ്ങാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനു കീഴില്‍ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും പരിശ്രമിച്ചു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു. പത്മവിഭൂഷണ്‍ ഉള്‍പ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായി.
മാര്‍ത്താണ്ഡവര്‍മയുടേയും ജാനകിയമ്മയുടേയും മകനായി 1934-ലാണ് ജനനം.
63 1 minute read