BREAKING NEWSKERALA

തച്ചങ്കരി പുറത്ത്; ബി സന്ധ്യ, സുധേഷ്‌കുമാര്‍, അനില്‍കാന്ത് ഇവരിലൊരാള്‍ പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ അന്തിമ പട്ടികയായി. സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ (യുപിഎസ്‌സി) അന്തിമ പട്ടികയിലുള്ളത്. ടോമിന്‍ തച്ചങ്കരിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വ്യാഴാഴ്ച ചേര്‍ന്ന യുപിഎസ്‌സി സമിതി യോഗമാണ് അന്തിമ ചുരുക്ക പട്ടിക തയ്യാറാക്കിയത്.
ഈ പേരുകളില്‍ നിന്ന് ഒരാളെ സംസ്ഥാന സര്‍ക്കാരിന് പോലീസ് മേധാവിയായി നിയമിക്കാം. പട്ടികയിലുള്ള സുദേഷ് കുമാറിനും സന്ധ്യയ്ക്കും ഡിജിപി റാങ്കുണ്ട്. ആദ്യമായിട്ടാണ് യുപിഎസ്‌സി സമിതിക്ക് പാനല്‍ സമര്‍പ്പിച്ച് അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ പോലീസ് മേധാവിയായി നിയമിക്കേണ്ടി വരുന്നത്. സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെയാണ് സര്‍ക്കാരുകള്‍ ഇതുവരെ നിയമിച്ഛിരുന്നത്. എന്നാല്‍, സുപ്രീം കോടതിയുടെ കര്‍ശന വിധി വന്നതോടെയാണ് സര്‍ക്കാരിന് യുപിഎസ്‌സിക്ക് മുന്നില്‍ പട്ടിക സമര്‍പ്പിക്കേണ്ടി വന്നു.
പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ പ്രമുഖനായിരുന്ന തച്ചങ്കരിക്ക് വിജിലന്‍സ് കേസുകളാണ് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ പട്ടികയില്‍ ഉണ്ടായിരുന്ന അരുണ്‍ കുമാര്‍ സിന്‍ ഹ കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലവില്‍ എസ്.പി.ജി മേധാവിയാണ് അരുണ്‍ കുമാര്‍ സിന്‍ഹ. 12 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നത്.
ഡല്‍ഹിയില്‍ നടന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി വി പി ജോയ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു. ബി സന്ധ്യയുടെ പേരു പട്ടികയില്‍ വന്നതോടെ ഇതാദ്യമായിട്ടാണ് ഒരു വനിതയെ ക്രമസമാധന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവില്‍ ഫര്‍ഫോഴ്‌സ് മേധാവിയാണ് സന്ധ്യ, സുധേഷ് കുമാര്‍ വിജിലന്‍സ് ഡയറക്ടറും അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷണറുമാണ്. ജൂണ്‍ മുപ്പതിന് ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നതോടെ അടുത്ത പോലീസ് മേധാവി അധികാരമേല്‍ക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker