വായ്പ തിരിച്ചടയ്ക്കാത്തവരുടെ അക്കൗണ്ടുകള്‍ ”തട്ടിപ്പ് അക്കൗണ്ടുകള്‍” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവര്‍ക്ക് മതിയായ സമയം നല്‍കാന്‍ ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. ഇത്തരം അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം, അതില്‍ അക്കൗണ്ട്, തട്ടിപ്പ് അക്കൗണ്ടാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള മുഴുവന്‍ വിശദാംശങ്ങളും ഉണ്ടായിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ 21 ദിവസത്തില്‍ കുറയാത്ത സമയം നല്‍കണമെന്നും റിസര്‍വ് ബാങ്ക് ഉത്തരവില്‍ പറയുന്നു.
അക്കൗണ്ട് ഉടമയ്ക്ക് ആവശ്യമായ സമയം നല്‍കാതെ ബാങ്കുകള്‍ക്ക് ഒരു അക്കൗണ്ട് തട്ടിപ്പ് അക്കൗണ്ടാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് 2023 മാര്‍ച്ചിലെ സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ആര്‍ബിഐ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത് . വായ്പ എടുത്തവരെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ധനകാര്യ സ്ഥാപനങ്ങളുടെ ബോര്‍ഡ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ അവരുടെ റിസ്‌ക് മാനേജ്‌മെന്റ് നയം അവലോകനം ചെയ്യണം. തട്ടിപ്പ് കേസുകള്‍ നിരീക്ഷിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും അനുവദിക്കുന്ന ബോര്‍ഡില്‍ നിന്ന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഡാറ്റ അനലിറ്റിക്‌സ്, മാര്‍ക്കറ്റ് ഇന്റലിജന്‍സ് യൂണിറ്റ് എന്നിവ ഉറപ്പാക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങളും ചട്ടക്കൂടുകളും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയ്ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാകുമെന്ന് ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.