BREAKINGNATIONAL

തട്ടിപ്പ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അശ്ലീല കണ്ടന്റുകള്‍; ആപ്പിലായി ടെലഗ്രാം

ഡാര്‍ക്ക് വെബ് സൈറ്റായി മാറുകയാണ് ടെലഗ്രാം എന്ന വിമര്‍ശനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. തട്ടിപ്പ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അശ്‌ളീല കണ്ടന്റുകള്‍ തുടങ്ങി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വരെ മാധ്യമം ആകുന്നതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിഇഒയുടെ അറസ്റ്റ് ടെലഗ്രാമിന് വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ടെലിഗ്രാം സിഇഒ പവല്‍ ഡുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായിരിക്കുകയാണ്. പവല്‍ ഡുറോവിന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. അറസ്റ്റ് നടന്നത് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ തീരുമാനമല്ലെന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടികളുടെ പോണ്‍ വീഡിയോയും ദൃശ്യങ്ങളും ഉള്‍പ്പടെയുള്ള കുറ്റകരമായ നിരവധി ഉള്ളടക്കങ്ങള്‍ ടെലഗ്രാമിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കണ്ടന്റ് മോഡറേഷന്‍ ഇല്ലാത്തതിനാല്‍ തന്നെ എന്ത് തരം കണ്ടന്റുകളും ഇത് വഴി ആളുകള്‍ക്ക് ഷെയര്‍ ചെയ്യാന്‍ സാധിക്കും. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍ (CSAM), ചൈല്‍ഡ് പോണോഗ്രാഫിയുടെ വിതരണം എന്നിവ ടെലിഗ്രാം വഴി വ്യാപകമായതിനാല്‍ 2023-ല്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ടെലഗ്രാമിന് നോട്ടീസ് അയച്ചിരുന്നു. സിം കാര്‍ഡില്ലാതെ തന്നെ ടെലഗ്രാം ഉപയോഗിക്കാന്‍ സാധിക്കുന്ന ഓപ്ഷന്‍ ഉണ്ടെന്നതാണ് ടെലഗ്രാമിനെ കൂടുതല്‍ അപകടകരമാകുന്നത്. ഇതുവഴി ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ വ്യക്തികള്‍ക്ക് ടെലഗ്രാം ഉപയോഗിക്കാന്‍ കഴിയുന്നു. സീക്രട്ട് ചാറ്റ് ഉള്ളതിനാല്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ എന്താണ് സംസാരിക്കുന്നതെന്ന് മറ്റുള്ളവര്‍ക്കോ നിയമപാലകര്‍ക്കോ കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ ഭീകരപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള ചര്‍ച്ചകള്‍ക്ക് ടെലഗ്രാമില്‍ സാധ്യതയുണ്ട്. ISIS, അല്‍ഖ്വയ്ദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും, ഫണ്ട് ശേഖരണത്തിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുഖ്യധാരാ പ്ലാറ്റഫോം എന്ന നിലയില്‍ ടെലിഗ്രാം ഉപയോഗിക്കുന്നുവെന്നും നേരത്തെ കണ്ടെത്തലുകളുണ്ടായിരുന്നു.
സൈബര്‍ കുറ്റവാളികള്‍ക്ക് ആശയവിനിമയം നടത്തുന്നതിന് പറ്റിയ ഇടം കൂടിയാണ് ടെലഗ്രാം എന്നാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് (DDoS) നിയമവിരുദ്ധ നീക്കങ്ങളെ ഏകോപിപ്പിക്കാനും ഹാക്കിംഗ് ടൂളുകള്‍ പങ്കിടാനും മോഷ്ടിച്ച ഡാറ്റ വില്‍ക്കാനും സഹായിക്കുന്നു. ഹാക്കര്‍മാര്‍ ഉള്‍പ്പടെ ഇത് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയുള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളിലേക്കുള്ള അനധികൃത ആക്സസുകള്‍, പേപാലിന്റെയും, ബാങ്കുകളുടെയും ലോഗുകള്‍ എന്നിവ പോലുള്ള നിയമവിരുദ്ധ സേവനങ്ങളും ടെലഗ്രാം വഴി നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ക്രിപ്ഷന്‍ കീകള്‍ പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തേക്ക് നേരത്തെ റഷ്യയില്‍ ടെലഗ്രാം നിരോധിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ റഷ്യയ്ക്ക് സഹായം നല്‍കാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് 2020ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ടെലഗ്രാമിന് അനുമതി ലഭിക്കുകയായിരുന്നു.

Related Articles

Back to top button