KERALALATEST

തത്കാലം ‘ജവാന്‍’ കിട്ടില്ല: സ്പിരിറ്റ് തട്ടിപ്പ് വിവാദത്തെത്തുടര്‍ന്നു ഉത്പാദനം നിര്‍ത്തി

തിരുവല്ല: മദ്യപാനികള്‍ക്ക് പ്രിയമായ ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സ് ഫാക്ടറിയില്‍ നിര്‍ത്തിവെച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് നടപടി. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 20,000 ലിറ്റര്‍ മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.
ആറ് മാസത്തേക്കാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കുന്നത്. കരാര്‍ ഏറ്റെടുത്തത് എറണാകുളത്തെ കേറ്റ് എഞ്ചിനിയറിങ്ങ് എന്ന സ്ഥാപനമായിരുന്നു. ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനായിരുന്നു കരാര്‍. ഈ കാലയളവിലാണ് സ്പിരിറ്റ് മറിച്ച് വിറ്റത്. നാല് തവണയായി രണ്ട് ടാങ്കര്‍ ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റില്‍ നിന്നാണ് വില്‍പ്പന നടത്തിയത്. ഇങ്ങനെ സ്പിരിറ്റ് വിറ്റ ഇനത്തില്‍ 25 ലക്ഷം രൂപയാണ് ഡ്രൈവര്‍മാരായ നന്ദകുമാറും സിജോ തോമസും സ്ഥാപനത്തിന്റെ വെയര്‍ ഹൗസ് മാനേജറായ അരുണ്‍ കുമാറിന് എത്തിച്ച് നല്‍കിയത്. ഡ്രൈവര്‍മാര്‍ ഈ വിവരം പോലീസിനോട് സമ്മതിച്ചു.
സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടായെന്ന് മൊഴി നല്‍കിയ അരുണ്‍ കുമാര്‍, പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ സമ്മതിച്ചിട്ടില്ല. അറസ്റ്റിലയാവരുടെ മൊഴി പ്രകാരം പ്രതി പട്ടികയില്‍ ചേര്‍ത്ത സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ അലക്‌സ് എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് കെമിക്കല്‍സിലെ സ്റ്റോക്ക് രജിസ്റ്റര്‍ അടക്കം പോലീസ് പരിശോധിക്കും. ലോഡ് എത്തിക്കുമ്പോഴുള്ള നടപടികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് നിഗമനം. പ്രതികള്‍ക്കെതിരെ ഗൂഡാലോചന കുറ്റവും അബ്കാരി ആക്ടിലെ 65 എ വകുപ്പും ചുമത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker