BREAKING NEWSNATIONAL

തമിഴ്‌നാട് ബിജെപിനേതാവിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുവോട്ട്; വീട്ടുകാര്‍ പോലും കൂടെയില്ലേയെന്ന് ട്രോള്‍

പാലക്കാട്: തമിഴ്‌നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത് ആഘോഷമാക്കിയിരിക്കു കയാണ് ട്രോളര്‍മാര്‍. കോയമ്പത്തൂരിന് സമീപം കുരുടംപാളയം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പെരിയനായ്‌ക്കെന്‍പാളയത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ഒരു വോട്ട് മാത്രം ലഭിച്ചത്. ഇതോടെ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെയുള്ള ട്രോളുകള്‍ തമിഴ്‌നാട്ടില്‍ വൈറലാണ്.
കോയമ്പത്തൂരിന് സമീപം കുരുടംപാളയം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വൈറല്‍. ഈ വാര്‍ഡില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയേക്കാള്‍ നാട്ടുകാരും തമിഴ്‌നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളും ആഘോഷിയ്ക്കുന്നത് ഒരു വോട്ട് മാത്രം കിട്ടിയ ബി ജെ പി സ്ഥാനാര്‍ത്ഥി ഡി. കാര്‍ത്തിക്കിന്റെ ദയനീയ തോല്‍വിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ പാര്‍ട്ടികളും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിച്ചത്. കട്ടില്‍ ചിഹ്നത്തില്‍ മത്സരിച്ച ഡിഎംകെയിലെ അരുള്‍രാജാണ് 387 വോട്ട് നേടി വാര്‍ഡില്‍ ജയിച്ചത്. കാര്‍ ചിഹ്നത്തില്‍ മത്സരിച്ച ബി ജെ പി നേതാവ് കാര്‍ത്തിക്കിന് ഒരു വോട്ട് മാത്രം കിട്ടി. ഇതോടെയാണ് ബന്ധുക്കളോ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിട്ടവരോ പോലും വോട്ട് ചെയ്തില്ലെന്ന് പരിഹസിച്ച് സോഷ്യല്‍മീഡിയ ട്രോളിയത്.
എന്നാല്‍ തനിയ്ക്കും കുടുംബത്തിനും പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് വോട്ടെന്നും അടുത്ത തവണ മികച്ച വിജയം നേടുമെന്നും വ്യക്തമാക്കി കാര്‍ത്തിക് രംഗത്തെത്തി. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം ഇത്തവണ കാര്യമായി പ്രചാരണത്തിനിറങ്ങാന്‍ സാധിച്ചില്ലെന്നും അടുത്ത തവണ ശക്തമായി പ്രവര്‍ത്തിച്ച് ജയിക്കുമെന്നും കാര്‍ത്തിക് വിശദീകരിച്ചു. യുവമോര്‍ച്ച കോയമ്പത്തൂര്‍ വടക്കന്‍ മേഖലാ വൈസ് പ്രസിഡന്റാണ് കാര്‍ത്തിക്. ഉപതെരഞ്ഞെടുപ്പില്‍ എഐഡിഎംകെയിലെ വൈദ്യലിംഗം 196 വോട്ട് നേടി. എന്തായാലും ബിജെപി സ്ഥാനാര്‍ത്ഥിയായ കാര്‍ത്തിയുടെ ദയനീയ പരാജയം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മത്സരഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തിക്കിന്റെ ഒറ്റവോട്ടിനെ ചൊല്ലിയുള്ള ട്രോളുകള്‍ പ്രവഹിക്കുകയാണ്. #SingleVoteBJP എന്ന ഹാഷ്ടാഗ് ഇതോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. 12,000ത്തില്‍ അധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നത്. കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമിയും വിഷയത്തില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് നാല് വോട്ടര്‍മാരെയോര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു ട്വീറ്റ്.
ഡിഎംകെ ഐടി വിംഗ് സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി ഇസൈ ട്വീറ്റ് ചെയ്തത് ഇങ്ങനെ ‘തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി ഒരു വോട്ട് നേടി, അദ്ദേഹത്തിന്റെ കുടുംബത്തിന് 5 വോട്ടുകളുണ്ട്.”
മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ശിവ പ്രസാദ് ടിആര്‍ എഴുതിയത് ഇങ്ങനെ ‘തമിഴ്‌നാട്ടിലെ ആളുകള്‍ വളരെ ക്രൂരരാണ്, അവര്‍ 10 വോട്ടെങ്കിലും ചെയ്യണമായിരുന്നു. കുറഞ്ഞത് പോസ്റ്ററില്‍ ഉണ്ടായിരുന്ന പത്തുപേരെങ്കിലും”. ഒക്ടോബര്‍ 9നാണ് കോയമ്പത്തൂരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നു. ഈ ഉപതെരഞ്ഞെടുപ്പില്‍ 55,280 പേര്‍ വോട്ടു ചെയ്തു.
കോയമ്പത്തൂര്‍ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, മറ്റ് തമിഴ്‌നാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും നടക്കുന്നു. ഒക്ടോബര്‍ 12 ന് രാവിലെ 8 മണിക്ക് തമിഴ്‌നാട്ടിലെ 74 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്തെ കാഞ്ചീപുരം, ചെങ്കല്‍പ്പാട്ട്, തിരുനെല്‍വേലി, തെങ്കാശി, റാണിപേട്ട്, വില്ലുപുരം, വെല്ലൂര്‍, തിരുപ്പത്തൂര്‍, കല്ലാക്കുറിച്ചി ജില്ലകളിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker