BREAKINGNATIONAL

തയ്യല്‍ക്കടകളില്‍ പുരുഷന്മാര്‍ സ്ത്രീകളുടെ അളവെടുക്കേണ്ട; നിര്‍ദേശങ്ങളുമായി യുപി വനിതാ കമ്മീഷന്‍

ലഖ്നൗ (യു.പി): സ്ത്രീസുരക്ഷ ഉറപ്പാക്കാനുളള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍. ഇതില്‍ പലതും വിചിത്രമായ നിര്‍ദേശങ്ങളാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് ജിമ്മിലും യോഗാ ക്ലാസുകളിലും പരിശീലനം നല്‍കുന്നതില്‍നിന്ന് പുരുഷന്മാരെ വിലക്കണമെന്നതാണ് അവയിലൊന്ന്. തയ്യല്‍ക്കടകളില്‍ സ്ത്രീകളുടെ അളവുകള്‍ പുരുഷന്മാര്‍ എടുക്കരുതെന്നും നിര്‍ദേശമുണ്ട്.
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്‌കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ക്ക് പകരം വനിതാ ജീവനക്കാരെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ‘ഇക്കാര്യത്തിലുള്ള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. നിര്‍ദ്ദേശങ്ങളുടെ പ്രായോഗികത പരിശോധിച്ച് കരട് നയം തയ്യാറാക്കാനായി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിക്കും’ – വനിതാ കമ്മീഷന്‍ അംഗം മനീഷ അഹ്ലാവത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകളെ ഫാക്ടറികളില്‍ ജോലി ചെയ്യിക്കുന്നതില്‍നിന്ന് വിലക്കുന്ന നടപടി 2022-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. രാത്രി ഏഴുമണിക്ക് ശേഷവും പുലര്‍ച്ചെ ആറുമണിക്ക് മുമ്പും ജോലി ചെയ്യുന്നതിന് സമ്മതമാണെന്ന് എഴുതി നല്‍കാത്തപക്ഷം ജോലി ചെയ്യാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം.

Related Articles

Back to top button