BREAKING NEWSNATIONAL

തരൂര്‍ v/s ഖാര്‍ഗെ: അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് സംഘടനാതലത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാജ്യത്തുടനീളമുള്ള 9800 പ്രതിനിധികള്‍ക്കായി 40 പോളിംഗ് സ്റ്റേഷനുകളും 68 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം ഇന്നലെ അവസാനിച്ചു. 19 ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കും.
രണ്ട് പതിറ്റാണ്ടിനിപ്പുറം ഗാന്ധിയല്ലാത്ത ഒരാളെ പ്രസിഡന്റായി സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരുങ്ങുകയാണ്. 2000ല്‍ സോണിയാ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ് തോല്‍വി ഏറ്റുവാങ്ങിയതാണ് ഉന്നത സ്ഥാനത്തേക്കുള്ള അവസാന മത്സരം. പാര്‍ട്ടിയുടെ 137 വര്‍ഷത്തെ ചരിത്രത്തില്‍ നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണിത്. വോട്ടെടുപ്പ് സ്വതന്ത്രമാകുമെന്നും ഔദ്യോഗികമായി ഒരു സ്ഥാനാര്‍ത്ഥിയെയും അംഗീകരിക്കില്ലെന്നും ഗാന്ധികുടുംബം അറിയിച്ചിരുന്നു.
ഡല്‍ഹിയില്‍ രണ്ട് പോളിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരെണ്ണം കോണ്‍ഗ്രസ് ആസ്ഥാനത്തും മറ്റൊന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വോട്ട് ചെയ്യും. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ക്യാമ്പ് സൈറ്റില്‍ വോട്ട് രേഖപ്പെടുത്തും. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18ന് ഡല്‍ഹിയിലെത്തിക്കും. 19നാണ് വോട്ടെണ്ണല്‍.
ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മത്സരം. ഇദ്ദേഹത്തിനാണ് വിജയസാധ്യത ഏറെ കല്‍പിക്കപ്പെടുന്നതും. ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ ആയിരുന്നു. എന്നാല്‍ രാജസ്ഥാനിലെ വിമതകലാപത്തിന് പിന്നാലെ അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറി. പിന്നീട് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ പേരും ഉയര്‍ന്നുകേട്ടെങ്കിലും ഒടുവില്‍ ഖാര്‍ഗെയില്‍ എത്തിച്ചേരുകയായിരുന്നു. വിവിധ പി.സി.സികള്‍ ഇതിനകം ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുമുണ്ട്.
‘നാളയെ കുറിച്ച് ചിന്തിക്കൂ തരൂരിനെ കുറിച്ച് ചിന്തിക്കൂ’Think Tomorrow, Think Tharoor എന്നാണ് തിരുവനന്തപുരം എം.പി. കൂടിയായ തരൂരിന്റെ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണവാക്യം. പാര്‍ട്ടിയിലെ യുവനേതാക്കളില്‍നിന്നാണ് അദ്ദേഹത്തിന് പിന്തുണ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ കെ.എസ്. ശബരീനാഥന്‍, എം.കെ. രാഘവന്‍ എം.പി, കെ.സി. അബു, ശിവഗംഗയില്‍നിന്നുള്ള ലോക്‌സഭാ എം.പിയും പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി, കിഷന്‍ഗഞ്ച് എം.പി. മുഹമ്മദ് ജാവേദ്, നോവ്‌ഗോങ് എം.പി. പ്രദ്യുത് ബോര്‍ദോലോയ് തുടങ്ങിയവരായിരുന്നു തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത്.
തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെ വിജയിക്കുന്നപക്ഷം അദ്ദേഹവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ശശി തരൂര്‍ ഞായറാഴ്ച പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം കൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഖാര്‍ഗെയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഖാര്‍ഗെ അനുഭവസമ്പത്തുള്ള നേതാവാണ്. അദ്ദേഹം വിജയിക്കുകയാണെങ്കില്‍ സ്വാഭാവികമായും ഞങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കും, തരൂര്‍ നിലപാട് വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker