സേലം: സേലത്ത് ഹിന്ദുദൈവമായി ഇത്രയും കാലം ആരാധിച്ച പ്രതിഷ്ഠ ബുദ്ധഭഗവാന്റേതാണെന്ന് പുരാവസ്തു വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ ഹിന്ദു ആരാധനകളും പൂജകളും വിലക്കി ഉത്തരവിറക്കിയിരിക്കുകയാണ് ജില്ലാ കളക്ടര്‍. പെരിയേരി ഗ്രാമത്തിലെ പ്രശസ്തമായ ‘തലവെട്ടി മുനിയപ്പന്’ എന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് ബുദ്ധപ്രതിമയാണെന്ന് കണ്ടെത്തിയത്. പത്ത് വര്‍ഷത്തിലധികം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ക്ഷേത്രത്തിലുള്ളത് ബുദ്ധപ്രതിമയാണെന്ന് സ്ഥിരീകരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിനു മുന്നില്‍ പ്രതിഷ്ഠ ശ്രീബുദ്ധനാണെന്നും ഹിന്ദുപൂജകള്‍ വിലക്കിയിട്ടുണ്ടെന്നും ബോര്‍ഡ് വെക്കാനാണ് പദ്ധതി. കൂടാതെ ബുദ്ധനെ ‘തലവെട്ടി മുനിയപ്പന്’ എന്നു വിശേഷിപ്പിക്കുന്നതിനും വിലക്കുണ്ടാകും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ക്ഷേത്രം സന്ദര്‍ശിക്കുന്നതിനു വിലക്കുണ്ടാകില്ലെന്ന് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
2011ലാണ് സേലം ജില്ലയിലെ പെരിയരി ഗ്രാമത്തില്‍ കോട്ടൈ മാരിയമ്മന്‍ ക്ഷേത്രസമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന തലവെട്ടി മുനിയപ്പന് എന്ന ക്ഷേത്രം ബുദ്ധക്ഷേത്രമാണെന്ന് കാണിച്ച് പി രംഗനാഥന് എന്ന വ്യക്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രം സേലത്തുള്ള ബുദ്ധ ട്രസ്റ്റിനു കൈമാറണമെന്നായിരുന്നു ആവശ്യം. ക്ഷേത്രം പരിശോധിക്കും നിജസ്ഥിതി ഉറപ്പു വരുത്താനും 2017ല്‍ കോടതി പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഹര്ജിക്കാരന് മരണപ്പെട്ടെങ്കിലും ക്ഷേത്രത്തിലുള്ളത് ബുദ്ധപ്രതിമയാണെന്ന് കാണിച്ച് പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട നല്‍കിയതോടെയാണ് തുടര്‍നടപടികള്‍.
ശില്പം ബുദ്ധന്റേതാണെന്ന് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചാരിറ്റി ഡിപ്പാര്‍ട്ട്മെന്റിനോട് ക്ഷേത്രത്തിന്റെ നിയന്ത്രണ അവസാനിപ്പിക്കാനും മറ്റേതെങ്കിലും അതോരിറ്റിയ്ക്ക് കൈമാറാനും കോടതി നിര്‍ദേശം നല്കി. ഏറെക്കാലം ഹിന്ദുക്ഷേത്രമായി ആരാധിക്കപ്പെട്ട ക്ഷേത്രം ചാരിറ്റി ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ തന്നെ നിലനിര്‍ത്താനും ഹിന്ദുക്ഷേത്രമായി പരിഗണിക്കാനും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി ഇത് നിഷേധിച്ചു. ക്ഷേത്രത്തിലുള്ളത് ബുദ്ധനാണെന്ന് വ്യക്തമായ ക്ഷേത്രവും ഇത്തരത്തില്‍ തെറ്റായ ധാരണയോടു കൂടി ആരാധന തുടരുന്നത് ശരിയായ രീതിയല്ലെന്ന് കോടതി പറഞ്ഞു. ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും തമിഴ്നാട് പുരാവസ്തു വകുപ്പിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തില്‍ ഹിന്ദുരീതിയിലുള്ള ആരാധനകള്‍ തുടരുന്നതും കോടതി വിലക്കി. ഹിന്ദുപൂജകള്‍ നടത്തുന്നത് ബുദ്ധപ്രമാണങ്ങളുടെ ലംഘനമാണെന്നു കോടത വ്യക്തമാക്കി.
പ്രദേശത്തെ പുരാവസ്തു തെളിവുകളുംചരിത്രപരമായ തെളിവുകളും പരിശോധിച്ച ശേഷമാണ് നിര്‍ണായകമായ നിഗമനത്തില്‍ പുരാവസ്തു വകുപ്പ് എത്തിയത്. ക്ഷേത്രത്തിലെ പ്രതിഷ്ഠത്തെ ബുദ്ധന്റെ പല മഹാലക്ഷണങ്ങളും ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. താമരരൂപത്തിലുള്ള പീഠത്തിലാണ് പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പുതുതായി നി!ര്മിച്ചതാണെങ്കിലും കരിങ്കല്ല് ഉപയോഗിച്ചാണ് പ്രതിഷ്ഠ നി!ര്മിച്ചിട്ടുള്ളത്. അ!ര്ഥപദ്മാസനത്തില് അഥവാ ഇരിക്കുന്ന രൂപത്തിലാണ് ശില്പത്തിന്റെ ആകൃതി. കൂടാതെ കൈകളാകട്ടെ ധ്യാനമുദ്രയിലാണ്. ചുരുണ്ട മുടി, തലയില്‍ ജ്ഞാനത്തിന്റെ അടയാളമായ ഉഷ്നിസ, നീണ്ട ചെവികള്‍ തുടങ്ങി പ്രതിമയുടെ തലയില്‍ ബുദ്ധനുമായി വലിയ സമാനതകള്‍ കണ്ടെത്തി. എന്നാല്‍ നെറ്റിയിലെ അടയാളം ദൃശ്യമായിരുന്നില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തെറ്റിദ്ധരിക്കപ്പെട്ട പ്രതിമയെ ഇനിയും തലവെട്ടി മുനിയപ്പനായി കാണാന്‍ കഴിയില്ലെന്നും ബുദ്ധപ്രതിമയായി തന്നെ ഇനി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതിമയുടെ യഥാര്‍ത്ഥരൂപം വീണ്ടെടുക്കണമെന്നും കോടതി ജൂലൈ 19ന് ഉത്തരവിട്ടു. ക്ഷേത്രത്തില്‍ ഹിന്ദു പ്രാര്‍ത്ഥനകളോ ആചാരങ്ങളോ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
10 വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് തലവെട്ടി മുനിയപ്പന് ശ്രീബുദ്ധനായിരുന്നു എന്ന ഹൈക്കടതിയുടെ കണ്ടെത്തല്‍. എന്നാല്‍ തെക്കേയിന്ത്യയില്‍ ഇത്തരത്തില്‍ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ പല ബുദ്ധക്ഷേത്രങ്ങളില്‍ ഒന്നാണ് പെരിയേരിയിലേത് എന്നും തലവെട്ടി മുനിയപ്പന് എന്ന പേരു തന്നെ ഇതിന്റെ സൂചനയാണെന്നും ഈ രംഗത്തു പ്രവ!ര്ത്തിക്കുന്നവര് പറയുന്നു.
‘പ്രതിഷ്ഠയുടെ തല വെട്ടി മാറ്റിയ ശേഷം തിരികെ ഘടിപ്പിച്ചു എന്നതാണ് ഈ പേരിനു പിന്നിലെ കാരണം. പ്രതിമയുടെ രൂപത്തില്‍ നേരിട്ട് നോക്കിയാല്‍ നിങ്ങള്‍ക്ക് ഈ കാര്യം വ്യക്തമാകും. പ്രതിഷ്ഠയുടെ തല നേരേ ഇരിക്കുന്നതിനു പകരം ഇടത്തേയ്ക്ക് ഒരല്പം ചെരിഞ്ഞാണ് ഇരിക്കുന്നത്. തലയും ഉടലും തമ്മില്‍ ഈയം ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്നാണ് ക്ഷേത്രത്തിലെ പൂജാരി പറഞ്ഞത്. പോയ കാലത്തെ ഒരു ആരാധനാരീതിയുടെ ബാക്കിപത്രമാണ് ഈ പേര്.’ സാമൂഹ്യനിരീക്ഷകനായ സ്റ്റാലിന് രാജംഗം 2015ല്‍ ഹിന്ദു തമിഴ് ദിനപത്രത്തില്‍ എഴുതിയ കോളത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ തലവെട്ടിയ തമിഴ്നാട്ടിലെ പല പ്രതിമകളുടെ വിവരങ്ങള്‍ ലഭ്യമാണ്. ഇവയെല്ലാം ബുദ്ധപ്രതിമകളാണ് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. ഇവയൊന്നും ഇന്ന് ബുദ്ധനായി അംഗീകരിക്കപ്പെടുന്നില്ലെങ്കിലും നിരവധി പേര് ഇവിടെ ആരാധന നടത്തുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
ബുദ്ധന്റെ പല പേരുകളില്‍ ഒന്നാണ് മുനി എന്നാണ് ഇദ്ദേഹം പറയുന്നത്. തമിഴില്‍ ബുദ്ധന് മുനി, മുനിസുവ്വിരത്തര്, മുനിയന്‍, മുനീദ്രന്, അറുകന്‍ എന്നിങ്ങനെ പല പേരുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.