BREAKING NEWSKERALA

തലസ്ഥാനത്ത് തരൂരിന് വന്‍വരവേല്‍പ്പ്

തിരുവനന്തപുരം: സമര പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ തലസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര വേദിയിലാണ് തരൂര്‍ എത്തിയത്. സമര പരിപാടികളില്‍ എന്തുകൊണ്ട് വൈകി എത്തി എന്ന ചോദ്യത്തിനും അദ്ദേഹം വേദിയില്‍ വെച്ചുതന്നെ ഉത്തരം നല്‍കി.
‘എല്ലാ കാര്യത്തിലും ആലോചിച്ച് വിഷയം മനസ്സിലാക്കിയിട്ടാണ് തീരുമാനം എടുക്കുന്നത്. തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടിരുന്നു. തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്തത്’ അദ്ദേഹം വ്യക്തമാക്കി.
നഗരസഭ വിഷയത്തില്‍ ഏറ്റവും ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമരവേദിയില്‍ പ്രസംഗം ആരംഭിച്ചത്. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാം വേദിയിലേക്ക് എത്തിക്കാനും ശശി തരൂരിന് സാധിച്ചു. മാത്രമല്ല സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെതിരേയും പോലീസിനെതിരേയുമെല്ലാം രൂക്ഷമായ വിമര്‍ശനം തരൂരിന്റെ ഭാഗത്ത് നിന്നുണ്ടായി. കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ തരൂര്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിനകത്തുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തെറ്റു ചെയ്താല്‍ മുഖ്യമന്ത്രിയേയും വിമര്‍ശിക്കും എന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി.
തലസ്ഥാന നഗരിയില്‍ വന്‍ സ്വീകരണമാണ് തരൂരിന് ലഭിക്കുന്നത്. പ്രവര്‍ത്തകര്‍ ജാഥയായി എത്തി തരൂരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ കെ.എസ്. ശബരീനാഥന്‍, പാലോട് രവി, എന്‍ ശക്തന്‍, ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ അസീസ് തുടങ്ങിയ നേതാക്കളുടെ വന്‍നിരയും ഉണ്ടായിരുന്നു.
സ്വന്തം മണ്ഡലത്തില്‍ തരൂര്‍ എത്തുന്നില്ലെന്നും കാര്യമായ പ്രവര്‍ത്തനം നടത്താതെ വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി ഒറ്റയ്ക്ക് ഒരു സംവിധാനം ഉണ്ടാക്കാനുള്ള നീക്കം നടത്തുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് തരൂര്‍ തലസ്ഥാനത്തെത്തിയത്. പ്രതിപക്ഷ നേതാവും കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കുന്ന പരിപാടിയാണ് അടുത്തതായി തരൂര്‍ പങ്കെടുക്കാനുള്ളത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് വി.ഡി. സതീശനും തരൂരും തമ്മില്‍ ഒരുമിച്ച് വിമാനത്തില്‍ തലസ്ഥാനത്തക്ക് വന്നപ്പോള്‍ ഒരു ‘ഹലോ’ മാത്രമാണ് പറഞ്ഞത്. മറ്റു സംസാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു പറഞ്ഞത്. അത് കൊണ്ട് തന്നെ ഇരുവരും തമ്മില്‍ ഒന്നിച്ച് വേദിയിലെത്തുന്നത് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker