കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളിലെ സിനിമ തിയേറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തിയേറ്ററുകള്‍ തുറന്ന് നല്കിയാല് അത് രോഗവ്യാപനത്തിന് കാണമാകുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അടച്ചിട്ട എസി ഹാളില്‍ രണ്ട് മണിക്കൂറിലധികം നേരം ആളുകള്‍ കൂട്ടം കൂടിയിരിക്കുന്നത് അപകടമാണെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രധാനമായും ഞായറാഴ്ചകളില്‍ തിയേറ്റര്‍ അടച്ചിടുന്നതിനെതിരെയാണ് ഫിയോക് കോടതിയെ സമീപിച്ചിരിക്കുന്നത്. 50 ശതമാനം സീറ്റിങ് കപാസിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ നിലവിലെ സാഹചര്യം മനസിലാക്കണമെന്ന് തിയേറ്റര്‍ ഉടമകളോട് കോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ പറഞ്ഞിരുന്നു. ഷോപ്പിങ് മാളുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തിയേറ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് വിവേചനപരമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.