BREAKINGNATIONAL
Trending

തിരഞ്ഞെടുപ്പിന് മുന്‍പേ ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ കരുനീക്കം; ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ വീണ്ടും രാഷ്ട്രീയ കരുനീക്കങ്ങള്‍. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം നിയമസഭാകക്ഷിനേതാവുമായിരുന്ന ചംപയ് സോറന്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം. നിലവില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാരില്‍ മന്ത്രിയാണ് ചംപയ് സോറന്‍. അദ്ദേഹത്തിനൊപ്പം ചില ജെ.എം.എം എംഎല്‍എമാരും ബി.ജെ.പിയിലെത്തിയേക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍ പോയതോടെയാണ് ചംപയ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്.
എന്നാല്‍ ഹേമന്ത് സോറന്‍ ജാമ്യംലഭിച്ച് തിരിച്ചെത്തിയതോടെ അഞ്ചുമാസത്തിനുശേഷം വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. എന്നാല്‍ രാജിയില്‍ ചംപയ് സോറന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.
ചംപയ് സോറന്‍ ബി.ജെ.പി. നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബരാഷ്ട്രീയത്തിനെതിരേ അദ്ദേഹം ഇത്തവണ പോരാടുമെന്നും മുന്‍ ജെ.എം.എം. എം.എല്‍.എയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയുമായിരുന്ന ലോബിന്‍ ഹെംബ്രോം പറഞ്ഞു. ചാംപായ് സോറന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ ഇത് ഒന്നുകൂടി ബലപ്പെടുത്തി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചംപയ് സോറനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ജെ.എം.എം- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഝാര്‍ഖണ്ഡില്‍ ചെയ്ത പ്രവര്‍ത്തനങ്ങളേക്കാളേറെ ആറ് മാസക്കാലയളവില്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചംപയ് സോറന്‍ ചെയ്തുവെന്നായിരുന്നു ഹിമന്ദ ബിശ്വ ശര്‍മ്മയുടെ പുകഴ്ത്തല്‍.
ഝാര്‍ഖണ്ഡിലെ 3.5 കോടി ജനങ്ങള്‍ ചംപയ് സോറന്റെ പ്രവര്‍ത്തനത്തില്‍ സന്തോഷവാന്മാരായിരുന്നുവെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദീപക് പ്രകാശ് പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമുള്ള തെറ്റെന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Back to top button