കൊല്ലം : പാര്‍ട്ടി പ്രവര്‍ത്തനം, തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന വോട്ടുകള്‍ എന്നിവസംബന്ധിച്ച്, മണ്ഡലം കമ്മിറ്റികള്‍ നല്‍കുന്നത് കള്ളറിപ്പോര്‍ട്ടെന്ന് ബി.ജെ.പി. സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍. സംസ്ഥാനത്ത് 20 ശതമാനം ബൂത്തുകളിലേ പാര്‍ട്ടിക്ക് പ്രവര്‍ത്തനമുള്ളൂ. ബാക്കി ഊതിപ്പെരുപ്പിച്ച വ്യാജ റിപ്പോര്‍ട്ടുകളാണെന്ന് വിമര്‍ശനമുയര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, ജെ.പ്രമീളാദേവി, കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ ഈ വികാരം പങ്കുവെച്ചു. മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പരിശോധിക്കുകപോലും ചെയ്യാതെ ജില്ലാ കമ്മിറ്റികള്‍ അപ്പടി സംസ്ഥാന നേതൃത്വത്തിന് നല്‍കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിശകലനത്തില്‍ ചുറ്റിപ്പറ്റി ചര്‍ച്ച സജീവമായതിനാല്‍ കൊടകര പണമിടപാട് അടക്കമുള്ള വിവാദവിഷയങ്ങള്‍ ആരും ഉന്നയിച്ചില്ല. നായര്‍ മാട്രിമോണി, ഈഴവ മാട്രിമോണി എന്നനിലയിലുള്ള സ്ഥാനാര്‍ഥിനിര്‍ണയം തിരഞ്ഞെടുപ്പില്‍ ദോഷമായെന്ന് അഭിപ്രായമുയര്‍ന്നു.
ലക്ഷദ്വീപ് ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പറഞ്ഞു. ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്നു പറയുന്നവര്‍ ഹിന്ദു അല്ലെന്ന ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് അദ്ദേഹം ഇതുപറഞ്ഞത്.
തിരഞ്ഞെടുപ്പുസമയത്ത് മലപ്പുറത്ത് ഹിന്ദു ഐക്യവേദി ഹലാല്‍ വിരുദ്ധജാഥ നടത്തിയതിനെ ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. സ്ഥാനാര്‍ഥിയായിരുന്ന തന്നെ, ഈ ജാഥയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചത് അനൗചിത്യമായെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക ഹിന്ദുത്വമാകാമെന്നും എന്നാല്‍ മത ഹിന്ദുത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പൊതുവേ അഭിപ്രായമുയര്‍ന്നു.
പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭാരവാഹികള്‍ക്ക് (പ്രഭാരിമാര്‍) റോളില്ലെന്ന് സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി പറഞ്ഞു. താഴേത്തട്ടുവരെയുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കേട്ടശേഷം തിരുത്തല്‍ നടപടികളെടുക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മറുപടി പറഞ്ഞു.