വാഷിങ്ടണ്‍: സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ ഇല്ലാതായിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ്. സന്ദര്‍ശനത്തില്‍ ഡാലസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആര്‍.എസ്.എസ്. വിശ്വസിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നല്‍കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തി നിമിഷങ്ങള്‍ക്കകം ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍ക്കും ഭയമില്ലാതായെന്നും രാഹുല്‍ പറഞ്ഞു. ഇതൊന്നും രാഹുല്‍ ഗാന്ധിയുടെയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ വലിയ നേട്ടങ്ങളല്ല. ഇത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ നേട്ടമാണ്. തങ്ങളുടെ ഭരണഘടന ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നവരുടെ നേട്ടമാണ്, രാഹുല്‍ പറഞ്ഞു.
ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് രാഹുല്‍ ഡാലസിലെത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദയും ഇന്ത്യന്‍സമൂഹാംഗങ്ങളും ചേര്‍ന്നാണ് രാഹുലിനെ സ്വീകരിച്ചത്.
53 Less than a minute