ന്യൂഡല്‍ഹി: മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ ബി.ജെ.പി. ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു.
മധ്യപ്രദേശില്‍ 39 സ്ഥാനാര്‍ഥികളേയും ഛത്തീസ്ഗഢില്‍ 21 സ്ഥാനാര്‍ഥികളേയുമാണ് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ബി.ജെ.പി., കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനുമുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. പിന്നാലെയാണ് ഇരുസംസ്ഥാനങ്ങളിലെയും ആദ്യപട്ടിക പുറത്തുവിടുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു പിന്നാലെ, നേരത്തേതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി.യെന്നാണ് വിലയിരുത്തല്‍.
ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവയ്ക്കു പുറമേ, രാജസ്ഥാന്‍, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷം അവസാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശ് നിയമസഭയില്‍ ആകെ ഇരുന്നൂറ്റി മുപ്പതും ഛത്തീസ്ഗഢില്‍ തൊണ്ണൂറും അംഗങ്ങളാണുള്ളത്.